എംബാപ്പെയും നെയ്മറുമില്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ പി.എസ്.ജിക്ക് സമനിലകുരുക്ക്

പാരിസ്: സൂപ്പർതാരങ്ങളില്ലാതെയും സീസൺ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിൽ ആദ്യ മത്സരത്തിനിറങ്ങിയ പി.എസ്.ജിക്ക് തിരിച്ചടി. ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയും നെയ്മറും ഇല്ലാതെ കളത്തിലിറങ്ങിയ ലീഗ് വൺ ചാമ്പ്യന്മാരെ ലോറിയന്‍റ് ഗോൾരഹിത സമനിലയിൽ തളച്ചു.

പുതിയ പരിശീലകൻ ലൂയിസ് എൻറിക്കിനും തുടക്കം പാളി. ക്ലബുമായി ധാരണയിലെത്താൻ കഴിയാതെ വന്നതിനു പിന്നാലെയാണ് എംബാപ്പെയെ മാറ്റി നിർത്തി ലോറിയന്റിനെതിരായ ഇലവനെ പ്രഖ്യാപിച്ചത്. നേരത്തെ, ടീമിന്‍റെ പ്രീ-സീസൺ മത്സരങ്ങളിലൊന്നും എംബാപ്പെയെ ഉൾപ്പെടുത്തിയിരുന്നില്ല. മത്സരത്തിൽ പന്തടക്കത്തിലും ഷോട്ട് തൊടുക്കുന്നതിലും പി.എസ്.ജി ബഹുദൂരം മുന്നിൽ നിന്നെങ്കിലും വിജയഗോൾ മാത്രം കണ്ടെത്താനായില്ല. 77.8 ശതമാനമാണ് ബാൾ പൊസഷൻ.

പി.എസ്.ജിയുടെ കണക്കിൽ 20 ഷോട്ടുകൾ, ലോറിയന്‍റ് നാലു ഷോട്ടുകൾ മാത്രം. ഈ സമയം എംബാപ്പെ ടീം സ്റ്റാൻഡിലുണ്ടായിരുന്നു. ക്ലബുമായുള്ള കരാർ പുതുക്കാൻ എംബാപ്പെ വിസ്സമതിച്ചതോടോയാണ് തർക്കം ഉടലെടുക്കുന്നത്. കഴിഞ്ഞ സീസണൊടുവിൽ അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സിയും ക്ലബ് വിട്ടിരുന്നു. ഈ സീസൺ കൂടി കരാർ ബാക്കിയുള്ള എംബാപ്പെ അത് പൂർത്തിയാക്കി റയൽ മഡ്രിഡിലേക്ക് നീങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, പോകുന്നെങ്കിൽ ഈ സീസൺ അവസാനിക്കുംമുമ്പ് വിടണമെന്ന് പി.എസ്.ജിയും പറയുന്നു. താരവും മാനേജ്മെന്റും തമ്മിൽ ഒത്തുതീർപ്പ് വഴികൾ അടഞ്ഞതോടെയാണ് ടീം ഇലവനിൽനിന്ന് ഫ്രഞ്ച് സൂപ്പർ താരം പുറത്തായത്.

ബ്രസീൽ താരം നെയ്മർ പരിക്കു കാരണമാണ് വിട്ടുനിൽക്കുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും താരവും ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മാർകോ വെറാറ്റിയും ടീമിലുണ്ടായിരുന്നില്ല. 11 വർഷമായി ക്ലബിനൊപ്പമുള്ള വെറാറ്റി സൗദി ലീഗിലേക്ക് മാറുമെന്നാണ് സൂചന.

Tags:    
News Summary - No Mbappe, No Win! PSG Held By Lorient In Ligue 1 Opener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.