‘വിസിൽ മുഴങ്ങട്ടെ...അന്നേരം കാണാം’; മെസ്സിക്ക് മുന്നറിയിപ്പുമായി ഫിലാഡൽഫിയ കോച്ച്

ന്യൂയോർക്ക്: ഇതൊരു മഹത്തായ പോരാട്ടമാകും. നമ്മൾ സംസാരിക്കുന്നത് എക്കാലത്തെയും മികച്ച കളിക്കാരനെക്കുറിച്ചാണ്. സെമിഫൈനലാണ് കളി. ഒരു കപ്പ് കാത്തിരിക്കുന്നു. കോൺകകാഫ് ചാമ്പ്യൻസ് ലീഗിൽ ഒരിടവും. അതുകൊണ്ടുതന്നെ ഇതൊരു വമ്പൻ പോരാട്ടമാണ്. ടീമിന്റെ ആരാധകർ കരുത്തു കാട്ടുമെന്നാണ് ഞാൻ കരുതുന്നത്’ -പറയുന്നത് ഫിലാഡൽഫിയ യൂനിയൻ കോച്ച് ജിം കർട്ടിൻ. സാക്ഷാൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയുമായി ലീഗ്സ് കപ്പ് സെമിയിൽ ഏറ്റുമുട്ടാനിരിക്കേയാണ് ഫിലാഡൽഫിയ പരിശീലകന്റെ പ്രതികരണം. ആഗസ്റ്റ് 15നാണ് മത്സരം അരങ്ങേറുന്നത്.

‘ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന് ഞങ്ങളുടെ തട്ടകത്തിൽ ആതിഥ്യമൊരുക്കാൻ ലഭിച്ച അവസരം ഞങ്ങൾ ഉറ്റുനോക്കുകയാണ്. സുബാരു പാർക്കിലെ ഏറ്റവും ശബ്ദമുഖരിതമായ മത്സരം ഇതായിരിക്കുമെന്ന് ഞാൻ കരുതുന്നു.

നിറഞ്ഞ സ്റ്റേഡിയത്തിലായിരിക്കും കളിയെന്നാണ് പ്രത്യാശ. മെസ്സിക്കെതിരെ കളിക്കുകയെന്നത് ബഹു​മതിയായി ഞങ്ങൾ കണക്കിലെടുക്കുന്നു. എന്നാൽ, വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ...ഞങ്ങളുടെ കളിക്കാർ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്കറിയാം’ -കർട്ടിൻ പറഞ്ഞു.

ആര് വരുന്നു എന്നതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. മെസ്സി വന്നാലും സെർജിയോ ബുസ്ക്വെറ്റ്സ് വന്നാലും ജോർഡി ആൽബ വന്നാലും അതുതന്നെ അവസ്ഥ. ഞങ്ങൾ സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കുകയും ടീമിന്റെ പതിവു ശൈലിയിൽ കളംനിറയുകയും ചെയ്യും. നിറഞ്ഞുകവിഞ്ഞ, ആർപ്പുവിളികളാൽ ശബ്ദായമാനമായ ഗാലറി മത്സരത്തിന്റെ തുടക്കം​ മുതൽ ടീമിനെ അകമഴിഞ്ഞ് പിന്തുണക്കുമെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ തരിമ്പും ഭയമില്ലാതെയാകും ഞങ്ങളിറങ്ങുക. ഞങ്ങൾ ധീരരായിരിക്കും. ബുദ്ധിമുട്ടേറിയതാണെന്നറിയാം, എങ്കിലും ഞങ്ങളാ വെല്ലുവിളിക്കുവേണ്ടി കാത്തിരിക്കുന്നു’ -കർട്ടിൻ വ്യക്തമാക്കി.



Tags:    
News Summary - Once the whistle blows...Messi warned by Philadelphia Union coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.