ലാ ലിഗയിലെ മുൻനിര താരങ്ങളെ ലക്ഷ്യമിട്ട് കൊള്ള സംഘങ്ങൾ. ബാഴ്സലോണ സ്ട്രൈക്കർ പിയറി എമെറിക് ഓബമെയാങ്ങാണ് മുഖംമൂടി സംഘത്തിന്‍റെ ഒടുവിലത്തെ ഇര.
വീട്ടിൽ അതിക്രമിച്ചുകയറിയ മുഖംമൂടി സംഘം താരത്തെയും ഭാര്യയെയും ആക്രമിച്ച് കൊള്ളയടിച്ചു. തിങ്കളാഴ്ച വെളുപ്പിനാണ് സംഭവമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. ഓബമെയാങ്ങിനും ഭാര്യ അലീഷക്കും ആക്രമണത്തിൽ നിസാര പരിക്കേറ്റു. നാലംഘ സംഘമാണ് വീട്ടിലേക്കു കടന്നത്.
ഇവർ ഓബമെയാങ്ങിനെയും അലീഷയെയും ആക്രമിക്കുകയും ആഭരണങ്ങൾ സൂക്ഷിച്ച സേഫ് തുറക്കാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ തോക്കുകളും ഇരുമ്പുദണ്ഡുകളും കാണിച്ച് ഭീഷണിപ്പെടുത്തി. കൊള്ളയടിച്ചശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓബമെയാങ്ങിന്റെ കാസ്റ്റൽഡെഫെൽസിലെ വീട് കൊള്ളയടിക്കുന്നത്. അന്ന് വീട്ടിൽ ആളില്ലായിരുന്നു.
രണ്ടാഴ്ച മുമ്പ് വലൻസിയ മുന്നേറ്റ താരം സാമു കാസ്റ്റില്ലെജോയുടെ വീട്ടിലും കവർച്ച നടന്നു. ഈസമയം വീട്ടിൽ ആരുമില്ലായിരുന്നു. ബാഴ്‌സ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി പരിശീലനത്തിനായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്ന് വാച്ച് തട്ടിയെടുത്ത് ആക്രമി രക്ഷപ്പെട്ടിരുന്നു. റയൽ മാഡ്രിഡ്, ബാഴ്‌സലോണ താരങ്ങൾ ഒന്നിലധികം തവണ സമാനമായ കവർച്ചക്ക് ഇരകളായിട്ടുണ്ട്.
2019ൽ ഒരു ഡെർബിക്കിടെ കാസെമിറോയുടെ വീട്ടിൽ മോഷണം നടന്നു. ഭാര്യയും മകളും ഈസമയം വീട്ടിലുണ്ടായിരുന്നു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ലൂക്കാസ് വാസ്‌ക്വസിന്‍റെ വീട്ടിലും കവർച്ച നടന്നു. സിനദിൻ സിദാനും ഇസ്‌കോയും റയൽ മാഡ്രിഡിൽ കളിക്കുന്നതിനിടെ ഇവരുടെ വീടുകളിലും മോഷണം അരങ്ങേറിയിരുന്നു.
അടുത്തിടെ റയലിന്‍റെ ഉറുഗ്വായ് താരം ഫെഡറിക്കോ വാൽവർഡെയുടെ ഭാര്യയും കൊള്ളസംഘത്തിന്‍റെ ആക്രമണത്തിന് ഇരയായി. 2018ൽ ജെറാർഡ് പിക്വെയുടെ വീട്ടിൽ വലിയൊരു കവർച്ച നടന്നു. പിക്വെ ദേശീയ ടീമിനൊപ്പം കളിക്കുകയും ഷക്കീറ പര്യടനത്തിലുമായിരുന്ന ഈസമയം. നിരവധി വിലപിടിപ്പുള്ള സാധനങ്ങളാണ് അന്ന് ഇവരുടെ വീട്ടിൽനിന്ന് നഷ്ടപ്പെട്ടത്.
കവർച്ച വർധിച്ചതോടെ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ പല ക്ലബുകളും തങ്ങളുടെ കളിക്കാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മത്സരങ്ങളിലോ, പരിശീലന ക്യാമ്പുകളിലോ ആകുന്ന സമയത്ത് വീടുകളിൽ സുരക്ഷ ശക്തമാക്കാനും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.