മഡ്രിഡ്: ലാലിഗയില്‍ തോൽവിയറിയാതെ മുന്നേറിയ ബാഴ്സലോണക്ക് വൻ തിരിച്ചടി. ഒസാസുനക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബാഴ്സ പരാജയം രുചിച്ചു. ഒസാസുനക്കായി ആന്‍റേ ബുഡിമിർ ഇരട്ട ഗോൾ കണ്ടെത്തി. ബ്രയാൻ സരഗോസയും ആബേൽ ബ്രെന്റോൺസുമാണ് മറ്റ് സ്‌കോറർമാർ. ബാഴ്‌സക്കായി പോ വിക്റ്ററും ലാമിൻ യമാലുമാണ് വലകുലുക്കിയത്.
ഒസാസുനയുടെ തട്ടകമായ എൽ സദറിലായിരുന്നു മത്സരം. 18ാം മിനിറ്റിൽ ഒസാസുന ആദ്യം വലകുലുക്കി. സരഗോസയുടെ ക്രോസിന് തലവച്ച് ബുഡിമിർ ബാഴ്‌സയെ ഞെട്ടിച്ചു. പത്ത് മിനിറ്റിനകം ബാഴ്സക്ക് രണ്ടാമത്തെ അടി. ഇത്തവണ സരഗോസയുടെ വകയായിരുന്നു ഗോൾ. ഒന്നാം പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഒസാസുന മുന്നിൽ.
ഗോൾ മടക്കാൻ കിണഞ്ഞ് പരിശ്രമിച്ച ബാഴ്സ രണ്ടാം പകുതിയാരംഭിച്ച് പത്ത് മിനിറ്റിനുള്ളിൽ ലക്ഷ്യം കണ്ടു. 53ാം മിനിറ്റില്‍ പോ വിക്റ്ററിന്‍റേതായിരുന്നു ഗോൾ. പെനാൽറ്റി ബോക്‌സിന് വെളിയിൽ നിന്ന് വിക്റ്റർ ഉതിർത്ത ദുർബലമായ ഷോട്ട് തട്ടിയകറ്റാൻ ഒസാസുന ഗോളിക്കായില്ല.
72ാം മിനിറ്റിൽ ബുഡിമറിനെ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിയതിന് ഡൊമിങ്വസിന് മഞ്ഞക്കാർഡ്. കിക്കെടുത്ത ബുഡിമർ പിഴവുകളില്ലാതെ രണ്ടാം ഗോൾ നേടി. 85ാം മിനിറ്റിൽ ആബേൽ ബ്രെന്റോൺസും ഗോൾ നേടിയതോടെ ഒസാസുന 4-1ന് മുന്നിൽ. 89ാം മിനിറ്റിൽ സൂപ്പർ താരം ലാമിൻ യമാൽ വലകുലുക്കിയെങ്കിലും പരാജയത്തിൽ നിന്ന് ബാഴ്സയെ കരകയറ്റാനായില്ല.
തോറ്റെങ്കിലും എട്ട് കളിയിൽ നിന്ന് 21 പോയിന്റുമായി പട്ടികയിൽ ബാഴ്‌സ തന്നെയാണ് ഒന്നാമത്. ഏഴ് കളി കളിച്ച റയൽ മാഡ്രിഡ് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മാഡ്രിഡ് ഡെർബിയിൽ അത്‌ലറ്റിക്കോയെ തകർത്താൽ കറ്റാലന്മാരുമായുള്ള പോയിന്റ് വ്യത്യാസം റയലിന് ഒന്നായി കുറക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.