പാരിസ്: സെനഗാളിൻെറ 2002 ലോകകപ്പ് ഹീറോ പാപ ബൂബ ദിയൂപ് അന്തരിച്ചു. 42 വയസായിരുന്നു. 2002ൽ നിലവിലെ ചാമ്പ്യൻമാരുടെ പകിട്ടുമായെത്തിയ ഫ്രാൻസിനെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച് പുറത്തേക്കുള്ള വഴികാണിച്ച സെനാഗാൾ ടീമിൻെറ വിജയഗോൾ നേടിയ ദിയൂപ് അന്ന് താരമായി മാറിയിരുന്നു.
ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സെനഗാൾ ദേശീയ ടീമിനായി 63 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ദിയൂപ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാം, വെസ്റ്റ്ഹാം, പോർട്സ്മൗത്ത് എന്നീ ക്ലബുകൾക്കായി പന്തുതട്ടിയിട്ടുണ്ട്.
ഇംഗ്ലണ്ടിന് പുറമേ ഫ്രാൻസ്, ഗ്രീസ് എന്നിവിടങ്ങളിലെ ലീഗുകളിലും ഈ സെൻട്രൽ മിഡ്ഫീൽഡർ സാന്നിധ്യമറിയിച്ചിരുന്നു.
1998ൽ സ്വന്തം മണ്ണിൽ വിശ്വകിരീടമുയർത്തിയ പകിട്ടിലായിരുന്നു ജപ്പാനും കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിന് ഫ്രാൻസ് എത്തിയത്. ഫാബിയന്‍ ബര്‍ത്തേസ്, ലിലിയന്‍ തുറാം, മാഴ്സല്‍ ഡെസെയ്ലി, സില്‍വെയ്ന്‍ വില്‍റ്റോഡ്, ഡേവിഡ് ട്രെസിഗ്വെ, പാട്രിക് വിയേര, തിയറി ഒൻറി എന്നിവരടക്കം സൂപ്പർ താരനിരയുമായായിരുന്നു ഫ്രഞ്ച് പട ഏഷ്യൻ മണ്ണിലെത്തിയത്.
അന്ന് ദിയൂപിൻെറ ഏക ഗോളിലാണ് സെനഗാൾ ജയിച്ചു കയറിയത്. ഗ്രൂപ്പിൽ സെനഗാൾ ലാറ്റിനമേരിക്കൻ കരുത്തരായ യുറുഗ്വായ്യെ 3-3ന് പിടിച്ചുകെട്ടിയ മത്സരത്തിൽ രണ്ട് ഗോൾ ദിയൂപിൻെറ വകയായിരുന്നു. അന്ന് ഗ്രൂപ്പിൽ ഡെൻമാർക്കിന് പിന്നിൽ അഞ്ച് പോയൻറ് നേടി രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ച് സെനഗാൾ ചരിത്രം സൃഷ്ടിച്ചിരുന്നു.
നോക്കൗട്ടിൽ 2-1ന് സ്വീഡനെ അട്ടിമറിച്ച അവർ ക്വാർട്ടറിൽ തുർക്കിക്ക് മുന്നിലാണ് മുട്ടുമടക്കിയത് (0-1). ദിയൂപായിരുന്നു ടൂർണമെൻറിലെ അവരുടെ ടോപ്സ്കോറർ. 63 മത്സരങ്ങളിൽ നിന്ന് താരം 11 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. 2007-08 സീസണിൽ എഫ്.എ കപ്പ് നേടിയ പോർട്സ്മൗത്ത് ടീമിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.