ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഫ്രീ ഫലസ്തീൻ ബാനർ ഉയർത്തി പി.എസ്.ജി ആരാധകർ. ബുധനാഴ്ച നടന്ന അത്‍ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനിടെയായിരുന്നു ബാനർ ഉയർത്തിയത്. മത്സരം തുടങ്ങുന്നതിന് മുമ്പായിരുന്നു ഗാലറിയിൽ നിന്നും ബാനർ ഉയർന്നത്.
അൽ അഖ്സ പള്ളിയുടെയും ലബനീസ് പതാകയുടേയും ചിത്രങ്ങളും ബാനറിൽ ഉൾപ്പെട്ടിരുന്നു. മൈതാനത്ത് യുദ്ധം,ലോകത്ത് സമാധാനം എന്ന വാക്കുകളും ബാനറിൽ ഉൾപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷന്റെ ഓഫീസിലേക്ക് ഫലസ്തീൻ വിഷയത്തിൽ പ്രതഷേധമുണ്ടായിരുന്നു.
പാരീസിലെ ഫുട്ബാൾ അസോസിയേഷൻ ആസ്ഥാനത്തേക്കാണ് ഫസ്തീൻ അനുകൂല പ്രതിഷേധക്കാർ എത്തിയത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ ഫ്രഞ്ച് ഇസ്രായേൽ ടീമുകൾ തമ്മിലുള്ള മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
എന്നാൽ, മത്സരത്തിൽ അത്ലറ്റികോ മഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജി തോൽവി പിണഞ്ഞത്. മത്സരത്തിൽ ലീഡെടുത്തിട്ടും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ വഴങ്ങിയാണ് പി.എസ്.ജി മത്സരം കൈവിട്ടത്.
വാറൻ സയർ എമറിലൂടെ 14ാം മിനിറ്റിൽ തന്നെ പാരീസുകാർ മുന്നിലെത്തി. ഉസ്മാൻ ഡെംബലയാണ് ഗോളിന് വഴിയൊരുക്കിയത്. നാലു മിനിറ്റിനുള്ളിൽ അർജന്‍റൈൻ താരം നാഹുവൽ മൊളീന അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിൽ പിരിയുമെന്ന ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+3) മറ്റൊരു അർജന്‍റീന താരം ഏഞ്ചൽ കൊറിയ അത്ലറ്റിക്കോയുടെ വിജയ ഗോൾ നേടുന്നത്. വെറ്ററൻ താരം അന്‍റോണിയോ ഗ്രീസ്മാനാണ് ഗോളിന് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.