മാഞ്ചസ്റ്റർ: ഫലസ്തീനെരെയുള്ള ഇസ്രായേൽ ആക്രമണത്തിലുള്ള പ്രതിഷേധം കളിക്കളങ്ങളിൽ തുടരുന്നു. ഫുൾഹാമിനെതിരെയുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരശേഷം ഫലസ്തീൻ പതാകയേന്തിയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങളായ പോൾ പോഗ്ബയും അമദ് ദിയലോയും മർദിതകർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.
സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്നഫുൾഹാമുമായുള്ള മത്സരം സമനിലയിൽ കലാശിച്ചിരുന്നു. 15ാം മനിറ്റിൽ എഡിസൺ കവാനിയുടെ മിന്നും ലോങ് റേഞ്ച് ഗോളിൽ യുനൈറ്റഡ് മുന്നിലെത്തിയെങ്കിലും 76ാം മിനുറ്റിൽ ജോ ബ്രയാനിലൂടെ ഫുൾഹാം സമനില പിടിക്കുകയായിരുന്നു. 14 മാസങ്ങൾക്ക് ഓൾഡ് ട്രാഫോഡിൽ മത്സരം കാണാൻ ആരാധകരുമെത്തിയിരുന്നു. 10,000ത്തോളം പേർക്കാണ് പ്രവേശനമുണ്ടായിരുന്നത്. 37 മത്സരങ്ങളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിക്ക് 83 പോയൻറുള്ളപ്പോൾ രണ്ടാമതുള്ള യുനൈറ്റഡിന് 71 പോയൻറാണുള്ളത്. 67 പോയൻറുള്ള ചെൽസി മൂന്നാമതും 66 പോയൻറുള്ള ലെസ്റ്റർ സിറ്റി ചെൽസി നാലാമതുമാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെംബ്ലി സ്റ്റേഡിയത്തിൽ എഫ്.എ കപ്പ് വിജയശേഷം ലെസ്റ്റർ ടീം അംഗങ്ങളായ ഹംസ ചൗധരിയും വെസ്ലി ഫോഫാനയും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായ പതാകകൾ മൈതാനത്ത് ഉപയോഗിക്കുന്നതിന് വിലക്കുണ്ടെങ്കിലും രാജ്യങ്ങളുടെ പതാക ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.