ബ്രിട്ടനിലെ പ്രമുഖ ഫുട്ബാൾ അകാദമിയായ പ്രോ ഫുട്ബാൾ അകാദമി (പി.എഫ്.എ) യുവ ഫുട്ബാൾ താരങ്ങളെ തേടി ദുബൈയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ദുബൈ എമിറേറ്റിൽ പുതിയ അകാദമി സ്ഥാപിച്ച് പ്രവർത്തനം വ്യാപിപ്പിക്കുകയാണ് പി.എഫ്.എയുടെ ലക്ഷ്യം. ബ്രിട്ടനിൽ 90 പരിശീലന കേന്ദ്രങ്ങളുള്ള പി.എഫ്.എ ആയിരക്കണക്കിന് കുട്ടികളെ പരിശീലിപ്പിച്ച പരിചയ സമ്പത്തുമായാണ് എമിറേറ്റിന്‍റെ ഹൃദയം കീഴടക്കാനൊരുങ്ങുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ പി.എസ്.ജി താരം നെയ്മർ ജൂനിയർ കൂടി സൗദി അറേബ്യൻ ഫുട്ബോൾ ക്ലബുകളിലേക്ക് ചേക്കേറിയതോടെ കാൽപന്ത് കളിയുടെ ആരാധകരുടെ കണ്ണുകൾ അറബ് ലോകത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അറേബ്യൻ മണ്ണിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ പി.എഫ്.എ ഒരുങ്ങുന്നത്.
സ്‌പോർട്‌സ് സിറ്റിയിലെ ഫുട്‌ലാബ് ദുബായിലും ജദ്ദാഫിലെ കൂര ഡോമിലുമാണ് പി.എഫ്.എയുടെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുന്നത്. പുതിയ സാധ്യതകൾ മനസിലാക്കി കൂടുതൽ ഇടങ്ങളിലേക്ക് അകാദമി വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് പി.എഫ്.എ ആസൂത്രണം ചെയ്യുന്നത്.
ദുബൈയിലെ യുവ കളിക്കാർക്ക് പി.എഫ്.എയുടെ യുവേഫ, ഇംഗ്ലീഷ് എഫ്.എ യോഗ്യതയുള്ള പരിശീലകരിൽ നിന്ന് പഠിക്കാനുള്ള അവസരം ഇതുവഴി ലഭ്യമാകും. കളിക്കാരുടെ സാങ്കേതികമായ വൈദഗ്ധ്യം മെച്ചപ്പെടുത്തി മുഴുവൻ സാധ്യതകളും പുറത്തെടുക്കാനുള്ള വാതിലുകളാണ് പി.എഫ്.എ തുറന്നിടുന്നതെന്ന് അകാദമി മാനജേർ ജെയ്മി നെവിറ്റ് പറഞ്ഞു.
യുവ കളിക്കാർക്ക് മികച്ച സിലബസിലൂടെ പ്രഫഷനൽ പഠന അന്തരീക്ഷം ഒരുക്കുകയാണ് ആദ്യ പടി. ട്വിസ്റ്റിങ്, ടേണിങ്, ഡ്രിബ്ളിങ്, പാസിങ്, റിസീവിങ് തുടങ്ങിയ വിത്യസ്തമായ ടോപ്പിക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലന സെഷനുകളായിരിക്കും ഓരോ ആഴ്ചയും നടത്തുക.
കളിക്കാരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് പരാജയ ഭീതി ഇല്ലാതാക്കും. കളിയിൽ പുതിയ ടെക്നിക്കുകൾ വികസിപ്പിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകൾ വർധിപ്പിക്കും. അഞ്ചിനും 14ലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാരാന്ത്യ ക്ലാസുകളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.profootballacademy.ae കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.