മാഞ്ചസ്റ്റർ സിറ്റി: തുടർച്ചയായ നാലു വിജയങ്ങളുടെ ആത്മവിശ്വാസത്തിലെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ കാലിടറി. അലമാല കണക്കെ ആർത്തലച്ചെത്തിയ സിറ്റി ആക്രമണങ്ങൾക്കുമുന്നിൽ പകച്ച യുനൈറ്റഡ് 6-3നാണ് തോറ്റത്. സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡും വിംഗർ ഫിൽ ഫോഡനും ഹാട്രിക്കുമായി കളംനിറഞ്ഞപ്പോൾ യുനൈറ്റഡിന്റെ ആശ്വാസ ഗോളുകൾ ആന്റണി മാർസ്യലിന്റെയും (2) ആന്റണിയുടെയും വകയായിരുന്നു.
എട്ടു കളികളിൽ 20 പോയന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. ആഴ്സനൽ (21) മുന്നിൽ. ഏഴു മത്സരങ്ങളിൽ 12 പോയന്റുമായി ആറാമതാണ് യുനൈറ്റഡ്.
സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ പെപ് ഗ്വാർഡിയോളയുടെ ടീം ആദ്യ പകുതിയിൽതന്നെ 4-0ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ സിറ്റിയെ രണ്ടു ഗോൾ മാത്രമേ നേടാൻ അനുവദിച്ചുള്ളൂവെന്നതും മൂന്നു ഗോൾ സ്കോർ ചെയ്തു എന്നതും മാത്രമാണ് എറിക് ടെൻഹ ഹാഗിന്റെ ടീമിന് ആശ്വസിക്കാനുള്ളത്.
ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം ഹാട്രിക് സ്വന്തമാക്കിയ ഹാലൻഡ് എട്ടു കളികളിൽ 14 ഗോളുമായി ടോപ്സ്കോറർ സ്ഥാനത്താണ്. ടോട്ടൻഹാമിനെ 3-1ന് തോൽപിച്ചാണ് ആഴ്സനൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ചെൽസി 2-1ന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചപ്പോൾ ലിവർപൂളിനെ ബ്രൈറ്റൺ 3-3ന് സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.