എൻ.പി. പ്രദീപും ഫുട്ബാളും തമ്മിലുള്ള ആത്മബന്ധം മനസിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ മകളുടെ പേരിലേക്കൊന്ന് നോക്കിയാൽ മതി. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിന്റെ ആനും സൂപർതാരം സ്റ്റീവൻ ജറാഡിന്റെ ജെറിയും ചേർത്ത് ആൻ ജെറീക്ക എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. രാജ്യാന്തര ഫുട്ബാളിന്റെ പടിയിറങ്ങിയെങ്കിലും മനസും ശരീരവും ഇപ്പോഴും കാൽപന്തിനൊപ്പമാണ്.
2007ലെ നെഹ്റു കപ്പ് ഫൈനലിൽ സിറിയയുടെ നെഞ്ചകം തകർത്ത ഗോൾ നേടി ഇന്ത്യക്ക് കിരീടം സമ്മാനിച്ച പ്രദീപ് പരിശീലകന്റെ റോളിൽ ഇപ്പോൾ ദുബൈയിലുണ്ട്. സോക്കർ ഇറ്റാലിയൻ സ്റ്റൈൽ ഫുട്ബാൾ അക്കാദമിയിലെ കുട്ടികളെ കളി പഠിപ്പിക്കാനാണ് ഈ മൂലമറ്റംകാരൻ യു.എ.ഇയിൽ എത്തിയിരിക്കുന്നത്. കളിക്കാരന്റെ റോളിലും പലതവണ യു.എ.ഇയിൽ കളത്തിലിറങ്ങിയ ഇന്ത്യയുടെ 'പവർ ഹൗസിന്റെ' ദുബൈ വിശേഷങ്ങൾ.
ഏതൊരു താരത്തെയും ആകർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് യു.എ.ഇ കായികമേഖലയിൽ നൽകുന്നത്. ചെറിയ കുട്ടികൾ മുതലുള്ളവർക്ക് കളിച്ചുപഠിച്ച് വളർന്നുവരാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. അക്കാദമികളിലും സ്കൂളുകളിലുമെല്ലാം ഇത്തരം സൗകര്യങ്ങളൊരുക്കുന്നുണ്ട്.
ഞാൻ ഇപ്പോൾ എത്തിയിരിക്കുന്ന ഇറ്റാലിയൻ സ്റ്റൈൽ ഫുട്ബാൾ അക്കാദമി ഇവിടുത്തെ നമ്പർ വൺ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ കൂടുതലും ഇന്ത്യയിൽ നിന്നുള്ള കുട്ടികളാണ്. മലയാളികളും അറബികളുമെല്ലാം ഇവിടെ പരിശീലിക്കുന്നു. വിന്റർ കോച്ചിങിന് ശേഷം ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങും. ദേശഭാഷാ വ്യത്യാസമില്ലാതെ ഫുട്ബാളിന് പിന്തുണ നൽകുന്നവരാണ് ഇവർ. ദുബൈ സ്പോർട്സ് കൗൺസിൽ ഉൾപെടെയുള്ളവർ ചെറുതല്ലാത്ത പ്രോൽസാഹനം നൽകുന്നുണ്ട്.
2004-05ൽ ദേശീയ ടീമിനൊപ്പം ലോകകപ്പ് യോഗ്യത റൗണ്ട് കളിക്കാനാണ് ആദ്യമായി യു.എ.ഇയിൽ എത്തുന്നത്. 2005ൽ അൽ നാസർ ക്ലബിനെ തോൽപിച്ച കളിയിൽ ഗോളടിക്കാൻ കഴിഞ്ഞത് ഇപ്പോഴും ഓർമയിലുണ്ട്. ദേശീയ ടീമിനൊപ്പമായിരുന്നു കൂടുതലൂം യു.എ.ഇയിൽ എത്തിയത്. പിന്നീട് പല ക്യാമ്പുകൾക്കായി ഇവിടെയെത്തി. അൽവാസൽ, അൽ നാസർ, ഷബാബ് അൽ അഹ്ലിയിലെല്ലാം ക്യാമ്പുണ്ടായിരുന്നു. നന്നായി കളിക്കാൻ കഴിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
ഐ.എസ്.എല്ലിലെ യുവതാരങ്ങളുടെ പ്രകടനം കണ്ടാൽ മനസിലാകും അവർ എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്ന്. കൂടുതൽ ഗോൾ അടിക്കുന്നതും യുവതാരങ്ങളാണ്. ഇവരിൽ ഇന്ത്യൻ യുവതാരങ്ങളാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ഐ.എസ്.എൽ പോലെ വലിയൊരു പ്ലാറ്റ്ഫോം അവർക്ക് കളിക്കാൻ കിട്ടിയത് മഹാഭാഗ്യമാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.
എല്ലാ മേഖലയിലും കളി മെച്ചപ്പെട്ടു. പ്രതിരോധത്തിലും മുൻനിരയിലും മധ്യനിരയിലുമെല്ലാം ഇത് വ്യക്തമാണ്. പുതിയ കോച്ചിന്റെ പരിശീലനവും ടീമിന് ഗുണം ചെയ്തിട്ടുണ്ട്. ഈ സീസണിൽ ടീമിനൊപ്പമില്ലെങ്കിലും കമൻറേറ്ററുടെ റോളിൽ ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 15ഓളം കളികളിൽ കമന്ററി പറയാൻ കഴിഞ്ഞു. കളിയെ കുറിച്ച് കൂടുതൽ വിലയിരുത്താനും മനസിലാക്കാനും ഇത് ഉപകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.