മാഞ്ചസ്റ്റർ: 30 വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടത്തിൽ മുത്തമിട്ട ലിവർപൂളിനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വന്തം മൈതാനത്തിൽ മാഞ്ചസ്റ്റർ സിറ്റി വരവേറ്റത്. ശേഷം ഗ്രൗണ്ടിൽ കണ്ടത് ലിവർപൂളിെൻറ വലയിൽ ഗോൾ അഭിഷേകം നടത്തുന്ന സിറ്റിയെയാണ്.
ജേതാക്കളെ 4-0ത്തിന് തകർത്താണ് പെപ് ഗാർഡിയോളയും പിള്ളേരും അടുത്ത സീസണിനുള്ള ഒരുക്കം തുടങ്ങിയെന്ന് സൂചന നൽകിയത്. കെവിൻ ഡിബ്രൂയിൻ (25'), റഹീം സ്റ്റിർലിങ് (35'), ഫിൽ ഫോഡൻ (45') എന്നിവരുടെ ഗോളുകളും അലക്സ് ചേംബർലെയ്നിെൻറ (66') സെൽഫ് ഗോളും ചേർന്നതോടെയാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂൾ തരിപ്പണമായത്.
കളിയുടെ മുഴുവൻ നിയന്ത്രണവും കൈവശമുണ്ടായിരുന്ന സിറ്റിക്ക് മത്സരത്തിൽ ഏഴോ എട്ടോ ഗോളുകൾ വലയിലാക്കാൻ സാധിക്കുമായിരുന്നു. റിയാദ് മെഹ്റസിെൻറ ഇഞ്ച്വറി ടൈമിലെ ഗോൾ വാർ പരിശോധനയിൽ ഹാൻഡ്ബാളാണെന്ന് കണ്ട് നിഷേധിക്കപ്പെട്ടു. ഫിൽ ഫോഡെൻറ ഉഗ്രനൊരു ഷോട്ട് ഗോൾലൈനിൽ നിന്ന് വിർജിൽ വാൻഡൈക്ക് രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച സിറ്റി ചെൽസിയോട് തോറ്റതോടെയാണ് ലിവർപൂൾ ആദ്യമായി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.
പുതിയ സീസണിന് തുടക്കമിട്ട് സിറ്റി
ഈ തോൽവി വെച്ച് സീസണിലെ ലിവർപൂളിെൻറ നേട്ടത്തെ കുറച്ചു കാണാനൊക്കില്ല. ഇപ്പോഴും 20 പോയൻറിെൻറ ലീഡുമായി സിറ്റിയുടെ 100 പോയൻറിെൻറ റെക്കോഡിലേക്ക് കണ്ണുവെച്ച് തന്നെയാണ് റെഡ്സിെൻറ (32 കളി 86 പോയൻറ്) നിൽപ്. കിരീടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തിലെ തോൽവി അവരെ ബാധിക്കുമെങ്കിലും യൂർഗൻ ക്ലോപ്പിനും സംഘത്തിനും അത് സാധ്യമാണെന്ന് ഏവർക്കുമറിയാം. മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനക്കാരായ സിറ്റിയും (66 പോയൻറ്) തമ്മിൽ 11 പോയൻറിെൻറ വ്യത്യാസമുണ്ട്.
⚽️⚽️ HIGHLIGHTS ⚽️⚽️
— Manchester City (@ManCity) July 2, 2020
All the best bits from our emphatic win over Liverpool...👇
🔵 #ManCity pic.twitter.com/rPKRaWknhK
കിക്കോഫിന് മുമ്പ് സിറ്റി നൽകിയ ആദരെത്ത മാനിച്ച് തങ്ങളുടെ ഏറ്റവും ശക്തമായ ടീമിനെയാണ് ലിവർപൂൾ കളത്തിലിറക്കിയത്. സൂപ്പർ താരം സെർജിയോ അഗ്യൂറോയും ബയേൺ മ്യൂണിക്കിലേക്ക് പോകുന്ന ലെറോയ് സാനെയുമില്ലാതെയാണ് സിറ്റി ഇറങ്ങിയത്.
തോൽവി ലിവർപൂൾ ഉൾകൊള്ളുന്നതോടൊപ്പം കിരീടം തിരിച്ചു പിടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾക്ക് ഉൗർജം നൽകുകയാണ് തകർപ്പൻ വിജയം. ലീഗ് തലപ്പത്ത് വെല്ലുവിളികൾ അന്യമല്ലെന്ന തിരിച്ചറിവുമായാകും റെഡ്സ് ആൻഫീൽഡിലേക്ക് മടങ്ങുക. 'അടുത്ത സീസൺ ഇന്ന് തുടങ്ങി. ഞങ്ങൾ നന്നായി കളിച്ചു'- ഇതായിരുന്നു മത്സര ശേഷം സിറ്റി സുപ്പർ താരം സ്െറ്റർലിങ്ങിെൻറ പ്രതികരണം.
ഗാർഡിയോളയുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പും
ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള ചവിട്ടുപടിയായി വിജയത്തെ സിറ്റി കണക്കുകൂട്ടുന്നു. സാൻറിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിനെതിരെയുള്ള ആദ്യപാദ പ്രീക്വാർട്ടർ 2-1ന് ജയിച്ച ആത്മവിശ്വാസവും അവർക്ക് കൂട്ടായുണ്ട്.
ആഗസ്റ്റ് ആദ്യവാരമാണ് വൻകരയുടെ പോരാട്ടങ്ങൾക്ക് വീണ്ടും തുടക്കമാകുക. പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മഡ്രിഡിനോട് തോറ്റ് നിലവിലെ ജേതാക്കളായ ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായിരുന്നു. ബാഴ്സലോണയോടൊപ്പം രണ്ടു തവണ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ ഗാർഡിയോള സിറ്റിയുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് ശ്രമിക്കുന്നത്.
പോർചുഗീസ് നഗരമായ ലിസ്ബണിൽ നടക്കുന്ന ശേഷിക്കുന്ന മത്സരങ്ങൾ ഒരു പാദം മാത്രമായിരിക്കും ഉണ്ടാകുക. റയലിനെ മറികടന്നാൽ കിരീടത്തിലേക്ക് പിന്നെ മൂന്ന് ജയങ്ങളുടെ ദൂരം മാത്രം. ജൂലൈ 18ന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന എഫ്.എ കപ്പ് സെമിഫൈനലും സിറ്റിയുടെ മനസിലുണ്ട്. ആഴ്സനലാണ് സിറ്റിയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.