ലണ്ടൻ: താൽക്കാലിക പരിശീലകനായുള്ള അവസാന മത്സരത്തിൽ ടീമിന് വിജയം നൽകി മൈക്കൽ കാരിക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ അങ്കത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-2ന് ആഴ്സനലിനെ മറികടക്കുകയായിരുന്നു. ഇരട്ട ഗോളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുനൈറ്റഡ് ജയത്തിന് ചുക്കാൻ പിടിച്ചത്. ജയത്തിനുപിന്നാലെ കാരിക്ക് യുനൈറ്റഡ് വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഉടൻ ചുമതലയേൽക്കുന്ന കോച്ച് റാൽഫ് റാങ്നികിനെ സാക്ഷിനിർത്തിയുള്ള വിജയം യുനൈറ്റഡിന് മധുരതരമായി. പിറകിൽനിന്ന ശേഷം തിരിച്ചടിച്ച യുനൈറ്റഡിനെതിരെ ആഴ്സനൽ സമനില പിടിച്ചിരുന്നു. എന്നാൽ, നിർണായക ഘട്ടത്തിൽ ലഭിച്ച പെനൽറ്റിയിലൂടെ യുനൈറ്റഡ് ജയംപിടിച്ചു. 13ാം മിനിറ്റിൽ എമിൽ സ്മിത്ത് റോവിെൻറ വിവാദ മണമുള്ള ഗോളിലൂടെയാണ് ഗണ്ണേഴ്സ് ആദ്യ വെടിപൊട്ടിച്ചത്.
കോർണർ തടയുന്നതിനിടെ യുനൈറ്റഡ് ഗോളി ഡേവിഡ് ഡിഹയ സ്വന്തം ടീമിലെ ഫ്രെഡുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് വീണത് മുതലെടുത്തായിരുന്നു ആഴ്സനലിെൻറ ഗോൾ. 44ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിെൻറ ഗോളിൽ ഒപ്പംപിടിച്ച യുനൈറ്റഡ് 52ാം മിനിറ്റിൽ റൊണാൾഡോയുടെ കരിയറിലെ 800ാം ഗോളിൽ ലീഡെടുത്തു. എന്നാൽ, രണ്ടു മിനിറ്റിനകം മാർട്ടിൺ ഒഡെഗാർഡിെൻറ ഗോളിൽ ആഴ്സനൽ ഒപ്പമെത്തി.
അതേ ഒഡെഗാർഡ് കാൽമണിക്കൂറിനകം വില്ലനായി. 70ാം മിനിറ്റിൽ ഫ്രെഡിനെ ബോക്സിൽ നോർവേ താരം വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ യുനൈറ്റഡ് ഏറെ കൊതിച്ച വിജയമെത്തി. 23 പോയൻറുള്ള ആഴ്സനൽ അഞ്ചാമതും 21 പോയൻറുമായി യുനൈറ്റഡ് ഏഴാമതുമാണ്.
ടോട്ടൻഹാം 2-0ത്തിന് ബ്രെൻഡ്ഫോഡിനെ തോൽപിച്ചു. സെർജി കാനോസിെൻറ സെൽഫ് ഗോളും ഹ്യൂങ് മിൻ സണിെൻറ ഗോളുമാണ് ടോട്ടൻഹാമിന് ജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.