ലിവർപൂളിന് ഷോക്ക്; ആൻഫീൽഡിലെ അപരാജിത കുതിപ്പിന് തടയിട്ട് ലീഡ്സ് യുനൈറ്റഡ്

പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ ആൻഫീൽഡ് മൈതാനത്ത് തോൽവിയറിയാതെ മുന്നേറിയ ലിവർപൂൾ ഒടുവിൽ ലീഡ്സ് യുനൈറ്റഡിനു മുന്നിൽ മുട്ടുകുത്തി. ലീഡ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്.

പ്രീമിയൽ ലീഗിൽ അഞ്ചു വർഷമായി ആൻഫീൽഡ് മൈതാനത്ത് ലിവർപൂൾ പരാജയം അറിഞ്ഞിട്ടില്ല. 2017ൽ ക്രിസ്റ്റൽ പാലസിനെതിരെയാണ് സ്വന്തം കാണികൾക്കു മുന്നിൽ ടീം അവസാനമായി തോറ്റത്. ലീഗിൽ സീസണിലെ ലിവർപൂളിന്‍റെ നാലാമത്തെ തോൽവി കൂടിയാണ്. ലീഡ്സിനുവേണ്ടി സ്പാനിഷ് താരം റോഡ്രിഗോ മൊറേനോ, ഡച്ച് താരം ക്രിസെൻസിയോ സമ്മർവില്ലെ എന്നിവർ ഗോളുകൾ നേടി. മുഹമ്മദ് സലയാണ് ലിവർപൂളിന്‍റെ ആശ്വാസ ഗോൾ നേടിയത്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റോഡ്രിഗോ ഗോളടിച്ച് ആതിഥേയരെ ഞെട്ടിച്ചു. ഗോമസിന്റെ ഒരു ബാക്ക് പാസ്സാണ് ഗോളിന് വഴിയൊരുക്കിയത്. 14ാം മിനിറ്റിൽ സല നേടിയ ഗോളിലൂടെ ലിവർപൂൾ ഒപ്പമെത്തി. ആൻഡി റോബർട്ട്‌സന്‍റെ അസ്സിസ്റ്റിൽനിന്നാണ് താരം ഗോൾ നേടിയത്. തുടർ തോൽവികളിൽ നിരാശരായ ലിഡ്സ് ജയിക്കാൻ ഉറച്ചുതന്നെയാണ് കളത്തിലിറങ്ങിയത്.

നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ്സിനെ ഭാഗ്യം തുണച്ചില്ല. ക്രോസ്ബാറും അലിസന്റെ സമയോചിതമായ സേവുകളുമാണ് ആദ്യ പകുതിയിൽ ലീഡ്സിന്‍റെ വില്ലനായത്. രണ്ടാം പകുതിയിൽ ലിവർപൂൾ വിജയഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിശ്ചിത സമയം തീരാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെയാണ് തിങ്ങിനിറഞ്ഞ ആരാധകരുടെ നെഞ്ചുലച്ച് ലീഡ്സിന്‍റെ വിജയഗോളെത്തുന്നത്.

89ാം മിനിനിറ്റിൽ പാട്രിക് ബാംഫോർഡിന്റെ പാസിൽ നിന്നാണ് സമ്മർവില്ലെ ഗോൾ നേടിയത്. ഇതോടെ ഗാലറി നിശ്ശബ്ദമായി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 2-1. ലിവർപൂളിന് ഒരു ഗോളിന്‍റെ തോൽവി. നിലവിൽ 12 മത്സരങ്ങളിൽനിന്നായി നാലു വീതം ജയവും തോൽവിയും സമനിലയുമായി 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ ലിവർപൂൾ ഒമ്പതാം സ്ഥാനത്താണ്. 29 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്.

Tags:    
News Summary - Premier League: Leeds United shock Liverpool to end unbeaten run at Anfield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.