ലണ്ടൻ: കിരീടധാരണത്തിലേക്ക് സീസൺ ഇനി കൃത്യം പകുതി ദൂരം ബാക്കിയുണ്ടെങ്കിലും ലെസ്റ്ററിനോടേറ്റ തോൽവിയുടെ ഞെട്ടൽ ലിവർപൂളിനും യുർഗൻ ക്ലോപ്പിനും എളുപ്പമൊന്നും മാറാനിടയില്ല. ഗോളെന്നുറച്ച എണ്ണമറ്റ അവസരങ്ങൾ കാലിൽ വീണുകിട്ടിയിട്ടും ഒന്നുപോലും ലെസ്റ്റർ കാവൽക്കാരൻ കാസ്പർ ഷ്മിഷേലിനെ കടന്നില്ലെന്നു മാത്രമല്ല, എതിരാളികൾക്ക് ലഭിച്ച ഏക അർധാവസരം ലക്ഷ്യത്തിലെത്തുകയും ചെയ്തു.
അതോടെ തോൽവിയുമായി വിലപ്പെട്ട മൂന്നു പോയന്റ് നഷ്ടപ്പെട്ട ടീം ഒന്നാം സ്ഥാനത്തുള്ള സിറ്റിയെക്കാൾ ആറു പോയന്റ് പിറകിലുമായി. രസകരമായിരുന്നു ലെസ്റ്റർ മൈതാനത്ത് ലിവർപൂളിന് കളി. ആദ്യ 15 മിനിറ്റിനകം പെനാൽറ്റി ലഭിച്ചു. മുഹമ്മദ് സലാഹ് എടുത്ത കിക്ക് ഷ്മിഷേലിന്റെ ഉറച്ച കൈകളിൽ തട്ടിമടങ്ങി. തലക്കു പാകമായി കിട്ടിയത് സലാഹ് തന്നെ ഹെഡ് ചെയ്തെങ്കിലും ക്രോസ്ബാർ വില്ലനായി. നഷ്ടക്കണക്കുകൾക്ക് ഇതൊരു തുടക്കം മാത്രമായിരുന്നു.
സാദിയോ മാനേയുടെ ഗോളുറച്ച രണ്ടു നീക്കങ്ങൾ ടീമിനെ രക്ഷിച്ചില്ല. രണ്ടാം പകുതിയിൽ ലെസ്റ്റർ താരം ലൂക്മാന് കിട്ടിയ അവസരം ഗോളിലെത്തുകയും ചെയ്തു. ഡ്യൂസ്ബെറി ഹാളിന്റെ പാസ് കാലിലെടുത്ത് ലിവർപൂൾ പ്രതിരോധത്തിലെ ജോയൽ മാറ്റിപിനെ മനോഹരമായി വെട്ടിയൊഴിഞ്ഞ് പായിച്ച മനോഹര ഷോട്ട് അലിസണ് തടുക്കാനാകുമായിരുന്നില്ല. പിന്നീടും ലിവർപൂൾ ഓടിനടന്നെങ്കിലും ലെസ്റ്റർ വല കുലുക്കാൻ ഷ്മിഷേൽ സമ്മതിച്ചില്ല. ഇതോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചത് ചെമ്പടയുടെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.