ലണ്ടൻ: രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലിവർപൂളും ചെൽസിയും സമനില വഴങ്ങിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ലിവർപൂളിനെ 2-2ന് ടോട്ടൻഹാമും ചെൽസിയെ ഗോളടിക്കാതെ വോൾവ്സുമാണ് പിടിച്ചുകെട്ടിയത്. ലിവർപൂളിനായി ഡിഗോ ജോട്ടയും ആൻഡ്രൂ റോബർട്സണും ടോട്ടൻഹാമിനായി ഹാരി കെയ്നും ഹ്യൂങ് മിൻ സണും സ്കോർ ചെയ്തു. റോബർട്സൺ പിന്നീട് ചുവപ്പുകാർഡ് കണ്ട് കയറുകയും ചെയ്തു.
18 മത്സരങ്ങളിൽ സിറ്റിക്ക് 44ഉം ലിവർപൂളിന് 41ഉം ചെൽസിക്ക് 38ഉം പോയൻറാണുള്ളത്. ആഴ്സനലാണ് 32 പോയേൻറാടെ നാലാമത്. 17 കളികളിൽ 28 പോയൻറുള്ള വെസ്റ്റ്ഹാം അഞ്ചാമതും 16 മത്സരങ്ങളിൽ 27 പോയൻറുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ആറാമതുമുണ്ട്.
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ തുടർജയങ്ങളുമായി കുതിക്കുകയായിരുന്ന റയൽ മഡ്രിഡിന് അപ്രതീക്ഷിത സമനില. തരംതാഴ്ത്തൽ ഭീഷണിയിലുള്ള കാഡിസ് ആണ് റയലിനെ ഗോളടിക്കാതെ പിടിച്ചുകെട്ടിയത്. ഒന്നാമതുള്ള റയലിന് (43) രണ്ടാമതുള്ള സെവിയ്യയെക്കാൾ (37) ആറു പോയൻറ് ലീഡുണ്ട്. സെവിയ്യ 2-1ന് അത്ലറ്റികോ മഡ്രിഡിനെ തോൽപിച്ചു. സെവിയ്യക്കായി ഇവാൻ റാകിറ്റിച്ചും ലൂകാസ് ഓകാംപോസും അത്ലറ്റികോക്കായി ഫിലിപ്പെയും സ്കോർ ചെയ്തു.
റോം: ഇറ്റാലിയൻ സീരി എയിൽ കരുത്തരുടെ പോരിൽ എ.സി മിലാനെ വീഴ്ത്തി നാപോളി. 1-0ത്തിന് ജയിച്ച നാപോളി പോയൻറിൽ ഒപ്പമെത്തുകയും ഗോൾശരാശരി മികവിൽ മിലാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. എലിഫ് എൽമാസ് ആണ് ഗോൾ നേടിയത്. നിലവിലെ ജേതാക്കളായ ഇൻററാണ് (43) ഒന്നാം സ്ഥാനത്ത്. നാപോളിക്കും എ.സി മിലാനും 39 പോയൻറ് വീതമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.