ആദ്യാവസാനം വരെ ആവേശം നിറഞ്ഞുതുളുമ്പിയ മാഞ്ചസ്റ്റർ യുനൈറ്റഡ്-ലിവർപൂൾ മത്സരം സമനിലയിൽ. യുനൈറ്റഡ് തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് വമ്പന്മാരുടെ നേരങ്കത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജയിച്ച് പോയന്‍റ് ടേബിളിൽ ഒന്നാമതെത്താനുള്ള അവസരമാണ് ലിവർപൂളിന് നഷ്ടമായത്.
ആഴ്സണലിനും യൂർഗൻ ക്ലോപിന്‍റെ സംഘത്തിനും 71 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗണ്ണേഴ്സ് ഒന്നാം സ്ഥാനത്ത് തുടരും. ലൂയിസ് ഡയസ് (23ാം മിനിറ്റിൽ), മുഹമ്മദ് സല (84 -പെനാൽറ്റി) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. ബ്രൂണോ ഫെർണാഡസ് (50ാം മിനിറ്റിൽ), കോബീ മെയ്നു (67ാ ം മിനിറ്റിൽ) എന്നിവരുടെ വകയായിരുന്നു യുനൈറ്റഡിന്‍റെ ഗോളുകൾ. പന്തു കൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും സന്ദർശകർ ബഹുദൂരം മുന്നിലായിരുന്നു. ലൂയിസ് ഡയസിലൂടെ ലിവർപൂളാണ് ആദ്യം ലീഡെടുത്തത്.
ആൻഡ്രൂ റോബർട്ട്സണെടുത്ത കോർണറാണ് ഗോളിലെത്തിയത്. ഡാർവിൻ ന്യൂനസ് ഫ്ലിക് ചെയ്ത പന്ത് ഡയസ് ഒരു കിടിലൻ ആക്രോബാറ്റിക് ഷോട്ടിലൂടെ വലയിലാക്കി. കളി തുടങ്ങി ഒരു മിനിറ്റ് പിന്നിടുമ്പോൾ തന്നെ അലെജാന്ദ്രോ ഗർണാച്ചോ ലിവർപൂൾ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. ആദ്യ പകുതിയിൽ ലിവർപൂളിന്‍റെ കൈയിലായിരുന്നു മത്സരമെങ്കിൽ, രണ്ടാം പകുതിയിൽ യുനൈറ്റഡും കളംപിടിക്കുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ ലിവർപൂൾ 15 തവണ ഷോട്ട് തൊടുത്തപ്പോൾ, യുനൈറ്റഡിന്‍റെ കണക്കിൽ ഒന്നുപോലുമില്ലായിരുന്നു. ആന്ദ്രെ ഒനാനയുടെ തകർപ്പൻ സേവുകളും യുനൈറ്റഡിന്‍റെ രക്ഷക്കെത്തി.
രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റാകുമ്പോൾ ബ്രൂണോ ഫെർണാണ്ടസിന്‍റെ ഒരു മനോഹര ഗോളിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. ലിവർപൂൾ പ്രതിരോധ താരം ജാറെൽ ക്വാൻസയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്.
വാൻഡിക്കിന് നൽകിയ പന്ത് ബ്രൂണോ ഓടിയെടുക്കുമ്പോൾ ഗോൾകീപ്പർ കെല്ലെഹർ ബോക്സിനു പുറത്തായിരുന്നു. ഗ്രൗണ്ടിന്‍റെ മധ്യത്തിൽനിന്നുള്ള ബ്രൂണോയുടെ ഫസ്റ്റ്ബാൾ ഷോട്ട് ഗോളിക്കു മുകളിലൂടെ വലയിൽ. മത്സരത്തിൽ ഒപ്പമെത്തിയതോടെ യുനൈറ്റഡ് കൂടുതൽ ആക്രമണകാരികളാകുന്നതാണ് കണ്ടത്. തുടരെ തുടരെ ലിവർപൂൾ ബോക്സിനുള്ളിൽ വെല്ലുവിളി ഉയർത്തി. 63ാം മിനിറ്റിൽ അതിനുള്ള ഫലവും കിട്ടി. യുവതാരം കോബീ മെയ്നുവിലൂടെ യുനൈറ്റഡ് ലീഡെടുത്തു. വാൻ ബിസ്സാക നൽകിയ പന്ത് സ്വീകരിച്ച് തിരിഞ്ഞ് മെയ്നു തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്നന് ബോക്സിന്‍റെ വലതു മൂലയിലേക്ക് പറന്നിറങ്ങി. 82ാം മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുഹമ്മദ് സല അനായാസം ലക്ഷ്യത്തിലെത്തിച്ചു.
ബിസ്സാക ബോക്സിനുള്ളിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഹാർവി എലിയറ്റിനെ വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. 31 മത്സരങ്ങളിൽനിന്ന് 70 പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതാണ്. ഇതോടെ പ്രീമിയർ ലീഗ് കീരിട പോര് മുറുകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.