ലണ്ടൻ: പ്രിമിയർ ലീഗ് കിരീടമുറപ്പിക്കുന്നവരെയറിയാൻ നടന്ന തകർപ്പൻ പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനേറ്റ തോൽവി മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻ സ്വപ്നങ്ങൾക്ക് മങ്ങലേൽപിക്കുമോ? നീണ്ട 21 മത്സരങ്ങളുടെ വിജയക്കുതിപ്പിനൊടുവിലായിരുന്നു സിറ്റി സ്വന്തം ഇത്തിഹാദ് മൈതാനത്ത് കരുത്തരായ എതിരാളികൾക്കു മുന്നിൽ തോറ്റുമടങ്ങിയത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും 11 പോയിന്‍റ് ലീഡുള്ള ടീമിന് നിലവിൽ പ്രതിസന്ധികളില്ലെന്നാണ് എതിർ ടീം പോലും സമ്മതിക്കുന്നത്.
ഒന്നാം സ്ഥാനമെന്ന 'കിട്ടാക്കനി' ഇപ്പോൾ സ്വപ്നങ്ങളിലില്ലെന്ന് യുനൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ പറയുന്നു. എന്നാലും അടുത്തിടെ നടത്തിയ വൻ കുതിപ്പ് ടീമിന് എവിടെയും ചെന്നുതൊടാൻ പോന്നതാണെന്ന് താരങ്ങളും ആരാധകരും പറയുന്നു.
കഴിഞ്ഞ 22 കളികളിൽ 14 വിജയവും എട്ടു സമനിലയും നേടിയ യുനൈറ്റഡ് ഒരു കളി പോലും തോറ്റിട്ടില്ല. ഇന്നലെ കളി തുടങ്ങി 30ാം സെക്കൻഡിൽ ആന്‍റണി മാർഷ്യലിനെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി കളി തുടങ്ങിയ യുനൈറ്റഡ് പിന്നീടും കളിയുടെ നിയന്ത്രണം സ്വന്തം നാട്ടുകാർക്ക് വിട്ടുകൊടുത്തിരുന്നില്ല. ഒരിക്കൽ റോഡ്രി ലക്ഷ്യത്തിനരികെയെത്തിയതു മാത്രമായിരുന്നു സിറ്റിക്ക് ആശ്വാസം നൽകാവുന്ന ഏക ഗോൾ നീക്കം. അതുപക്ഷേ, നിർഭാഗ്യത്തിന് പോസ്റ്റിനും ബാറിനും ഉരുമ്മി പുറത്തേക്കു പറന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർകസ് റാഷ്ഫോർഡുമായി ചേർന്ന് ലൂക് ഷോ നടത്തിയ കണ്ണഞ്ചും നീക്കം ഗോളായതോടെ യുനൈറ്റഡ് ലീഡുയർന്നു. വിജയം ഉറപ്പാകുകയും ചെയ്തു.
ജയത്തോടെ െലസ്റ്ററിനെ കടന്ന് യുനൈറ്റഡ് രണ്ടാം സ്ഥാനത്തേക്കു കയറി. കഴിഞ്ഞ നവംബറിൽ ടോട്ടൻഹാമിനു മുന്നിൽ വീണ ശേഷം ആദ്യമായിട്ടായിരുന്നു സിറ്റി തോൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.