ട്രാൻസ്ഫർ വിപണിയിൽ ഒരു മാസമായി തുറന്നുകിടക്കുന്ന ജാലകം ഇന്ന് അടയാനിരിക്കെ താരങ്ങളെ വലവീശിപ്പിടിക്കാൻ വമ്പന്മാരുടെ പിടച്ചിൽ. റെക്കോഡ് തുക മുടക്കി നില ഭദ്രമാക്കാനുള്ള തത്രപ്പാടിലാണ് ഓരോ ക്ലബും. പ്രിമിയർ ലീഗിൽ മാത്രം 5,500 കോടിയിലേറെ രൂപയാണ് പ്രമുഖരെ വാങ്ങാനായി ക്ലബുകൾ ചെലവിട്ടത്. ബെൻഫിക്കയുടെ അർജന്റീന താരം എൻസോ ഫെർണാണ്ടസ്, ബ്രൈറ്റൺ മിഡ്ഫീൽഡർ മോയ്സസ് കായ്സിദോ, ചെൽസിയുടെ ഹകീം സിയെഷ്, സിറ്റി താരം യൊആവോ കാൻസലോ തുടങ്ങിയവരാണ് ഇനിയും തീരുമാനമാകാതെ വില പേശൽ പട്ടികയിലുള്ളത്.
അതേ സമയം, 2000 കോടിയിലേറെ നൽകി ചെൽസിയാണ് ഏറ്റവും കൂടുതൽ താരങ്ങളെ വാങ്ങിയത്. പി.എസ്.വിയിൽനിന്ന് കോഡി ഗാക്പോ, ബ്രൈറ്റൺ താരം ലിയാൻഡ്രോ ട്രോസാർഡ്, ന്യൂകാസിലിന്റെ ആന്റണി ഗോർഡൻ തുടങ്ങി നിരവധി പേർ ഈ പട്ടികയിൽ പെടും. താഴെക്കിടയിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് മാത്രം ചെറുതും വലുതുമായി 23 പേരെയാണ് വാങ്ങിയത്.
ചെൽസിയിൽ ഇടമുറപ്പിക്കാൻ പ്രയാസപ്പെടുന്ന മൊറോക്കോ താരം ഹകീം സിയെഷിനെ സ്വന്തമാക്കാൻ പി.എസ്.ജി ശ്രമം തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മറ്റു പ്രിമിയർ ലീഗ് ക്ലബുകൾക്ക് താരത്തെ വിട്ടുനൽകില്ലെന്നാണ് ചെൽസി നിലപാട്. ഇത് അവസരമാക്കിയാണ് മെസ്സി, എംബാപ്പെ, നെയ്മർ ത്രയം പന്തുതട്ടുന്ന മുന്നേറ്റത്തിൽ സിയെഷിനെ കൂടി എത്തിക്കാൻ ലീഗ് വൺ ടീം നീക്കം തകൃതിയാക്കിയത്.
ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ സ്വപ്നസമാനമായ കുതിപ്പിൽ വലിയ പങ്കുവഹിച്ച താരമാണ് സിയെഷ്. പ്രിമിയർ ലീഗിൽ പക്ഷേ, ചെൽസി ആദ്യ ഇലവനിൽ പലപ്പോഴും താരത്തിന് ഇടം ലഭിക്കാറില്ല. മുദ്രിക് ഉൾപ്പെടെ കൂടുതൽ താരങ്ങളെത്തിയതോടെ സിയെഷിന്റെ സാന്നിധ്യം കൂടുതൽ അപകടപ്പെടുന്ന സാഹചര്യത്തിലാണ് കൈമാറ്റത്തിന് സാധ്യത തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.