ലണ്ടൻ: ഗോൾമെഷീനായി ഇംഗ്ലീഷ് മൈതാനങ്ങളിൽ പറന്നുനടക്കുന്ന നോർവേ താരം എർലിങ് ഹാലൻഡ് വീണ്ടും സിറ്റിയുടെ വിജയശിൽപി. തുടർച്ചയായ ഏഴാം മത്സരത്തിലും ഗോൾ കണ്ടെത്തിയ താരത്തിന്റെ മികവിൽ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വുൾവ്സിനെ മറികടന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നത്.
മൈതാന മധ്യത്തിൽ കളിയുണർന്ന് 55ാം സെക്കൻഡിൽ സിറ്റി ലീഡ് പിടിച്ചു. ഡി ബ്രുയിൻ നൽകിയ മനോഹര പാസിൽ അനായാസം കാൽ വെച്ചായിരുന്നു ഗ്രീലിഷ് ഗോൾ. പിന്നെയും മൈതാനം ഭരിച്ച് പാഞ്ഞുനടന്ന സിറ്റി നിരയുടെ മുന്നേറ്റം കാലിൽ സ്വീകരിച്ച ഹാലൻഡ് എതിർ പ്രതിരോധ നിരയെ കബളിപ്പിച്ച് 16ാം മിനിറ്റിൽ ടീം ലീഡ് 2-0 ആക്കി.
നെഞ്ചുതകർന്നുപോകുമായിരുന്നിട്ടും പതറാതെ പൊരുതി വുൾവ്സ് പിടിച്ചുനിന്നതോടെ ഏതുവശത്തും ഗോൾ വീഴാമെന്നായി. രണ്ടാം പകുതിയിൽ ഹാലൻഡിന്റെ സുവർണ സ്പർശം കണ്ട നീക്കത്തിൽ ഡി ബ്രുയിൻ നൽകിയ പന്ത് ഗോളാക്കി ഫിൽ ഫോഡൻ സിറ്റി വിജയം പൂർത്തിയാക്കി. പുതിയ സീസണിൽ ബുണ്ടസ് ലിഗ വിട്ട് ഇംഗ്ലീഷ് കളിമുറ്റത്തെത്തിയ എർലിങ് ഹാലൻഡ് എന്ന 22 കാരൻ സിറ്റി ജഴ്സിയിൽ ഒമ്പതു മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഗോൾ സമ്പാദ്യം 14 ലെത്തി. പ്രീമിയർ ലീഗിൽ ആദ്യ നാല് എവേ മത്സരങ്ങളിലും ഗോളടിക്കുകയെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തം. ഡി ബ്രുയിനുൾപ്പെട്ട പ്രമുഖർ വാഴുന്ന ടീമിൽ വരും നാളുകളും ഹാലൻഡ് മയമാകുമെന്ന സൂചന നൽകുന്നതായിരുന്നു ശനിയാഴ്ച വുൾവ്സ് മൈതാനത്തെ പ്രകടനം.
തന്നെ കാത്ത് മുന്നിലോടിയ പ്രതിരോധ താരത്തെ പിറകോട്ടാഞ്ഞ് ഒഴിവാക്കി അത്ര വേഗത്തിലല്ലാതെ ഗോളിലേക്ക് പന്ത് പായിക്കുമ്പോൾ വുൾവ്സ് ഗോളി അതുമാത്രം പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തം. മൂന്നാം ഗോളിലും സമാനമായിരുന്നു താരത്തിന്റെ മാജിക്. ഓടിയെത്തി പന്ത് സ്വീകരിച്ച് തന്നെ മാർക്ക് ചെയ്തുനിന്ന താരത്തെ വെട്ടിയൊഴിഞ്ഞ് ഡി ബ്രുയിന് തട്ടിനൽകുമ്പോൾ ഗോൾ ഉറപ്പായി കഴിഞ്ഞിരുന്നു. അതാകട്ടെ, ഫോഡൻ മനോഹര ടച്ചിലൂടെ പൂർത്തിയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.