ഫ്രഞ്ച് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്തുള്ള പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) ലീഡ് ഉയർത്തി. ടൗലൗസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് മെസ്സിയും സംഘവും കിരീട പ്രതീക്ഷ സജീവമാക്കിയത്.
മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയും (38ാം മിനിറ്റിൽ) സൂപ്പർതാരം ലയണൽ മെസ്സിയും (58ാം മിനിറ്റിൽ) പി.എസ്.ജിക്കായി വലകുലുക്കി. ഡച്ച് താരം ബ്രാങ്കോ വാൻ ഡെൻ ബൂമെന്‍റെ (20ാം മിനിറ്റിൽ) വകയായിരുന്നു ടൗലൗസിന്‍റെ ആശ്വാസ ഗോൾ.
പരിക്കേറ്റ സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പെയും നെയ്മറും ഇല്ലാതെയാണ് പി.എസ്.ജി കളത്തിലിറങ്ങിയത്. 20ാം മിനിറ്റൽ തന്നെ ടൗലൗസ് പി.എസ്.ജിയെ ഞെട്ടിച്ചു. ബോക്സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് പി.എസ്.ജി താരങ്ങൾക്കിടയിലൂടെ വാൻ ഡെൻ ബൂമെൻ വലയിലെത്തിച്ചു. എന്നാൽ, 38ാം മിനിറ്റിൽ കിടിലൻ ലോങ് റേഞ്ച് ഗോളിലൂടെ ഹക്കീമി ടീമിന് സമനില നൽകി.
സ്പാനിഷ് താരം കാർലോസ് സോളറാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി ബോക്സിനു മുന്നിലേക്ക് കുതിച്ചെത്തിയ ഹക്കീമി, ഒരു ഇടങ്കാൽ ഷോട്ടിലൂടെ ഗോളിയെയും കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ മെസ്സിയിലൂടെയാണ് പി.എസ്.ജി വിജയ ഗോൾ നേടിയത്.
ഹക്കീമിയുടെ അസിസ്റ്റിൽ താരത്തിന്‍റെ ഒരു ലോങ് റേഞ്ച് ഫിനിഷിങ്. ഗോളിയെ നിസ്സഹായനാക്കി പന്ത് ബോക്സിന്‍റെ ഇടതുമൂലയിൽ. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള ഒളിമ്പിക് മാർസെയിലുമായുള്ള പോയന്‍റ് വ്യത്യാസം എട്ടാക്കി ഉയർത്തി. 22 മത്സരങ്ങളിൽനിന്ന് 17 ജയവും രണ്ടു തോൽവിയും മൂന്നു സമനിലയുമായി 54 പോയന്‍റ്. പി.എസ്.ജിയേക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള മാർസെയിലിന് 46 പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.