പാരീസ്: ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്‍റ് ജെർമെയ്നുമായുള്ള (പി.എസ്.ജി) സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ കരാർ ജൂണിൽ അവസാനിക്കുകയാണ്.
താരത്തെ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും പി.എസ്.ജി നടത്തുന്നുണ്ട്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, പ്രീമിയർ ലീഗിലെ ലിവർപൂൾ എന്നിവയിൽ ഏതെങ്കിലും ക്ലബിലേക്ക് താരം ചുവടുമാറ്റിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഏറെ കോളിളക്കങ്ങള്‍ക്കൊടുവിലാണ് ഈ സീസണിൽ പി.എസ്.ജിയിൽതന്നെ തുടരാൻ താരം തീരുമാനിച്ചത്. ഈ വർഷം ജൂണിൽ അവസാനിക്കുന്ന കരാര്‍ പുതുക്കിയില്ലെങ്കിൽ ക്ലബ് വിട്ടുപോകണമെന്നും കളിപ്പിക്കില്ലെന്നും പി.എസ്.ജി താരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒടുവില്‍ എംബാപ്പെ ക്ലബിന് വഴങ്ങുകയായിരുന്നു. കരാര്‍ പുതുക്കിയില്ലെങ്കില്‍ എംബാപ്പയെ പോലൊരു വമ്പന്‍ താരത്തെ ഫ്രീ ഏജന്റായി നഷ്ടപ്പെടുമെന്നാണ് പിഎസ്ജിയുടെ പേടി. ഭാവിയെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ലെന്നും സീസണൊടുവില്‍ തീരുമാനമെടുക്കുമെന്നുമാണ് എംബാപ്പെ പറയുന്നത്. അതിനിടെയാണ് താരം പാരീസിൽ തന്നെ തുടരണമെന്ന ആഗ്രഹം ക്ലബ് പ്രസിഡന്‍റ് നാസർ അൽ ഖലീഫി വ്യക്തമാക്കിയത്. പി.എസ്.ജിയുടെയും എംബാപ്പെയുടെയും ഭാവി ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിലാണ് ഖലീഫി ഇക്കാര്യം വ്യക്തമാക്കിയത്.
‘നോക്കു, ഞാൻ ഒന്നും മറച്ചുവെക്കുന്നില്ല. എംബാപ്പെ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് അവൻ ലോകത്തിലെ മികച്ചവനാണ്, എംബാപ്പെക്ക് പി.എസ്.ജി മികച്ച ക്ലബും’ -ഖലീഫി പറഞ്ഞു. ‘അദ്ദേഹമാണ് ഇന്നത്തെ പദ്ധതിയുടെ കേന്ദ്രം. അവനെക്കുറിച്ച് ചോദിക്കുന്നത് സാധാരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ലോകത്തിലെ ഏറ്റവും മികച്ചവനാണ്, അവനുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും’ -ഖലീഫി കൂട്ടിച്ചേർത്തു.
ലീഗ് വണ്ണിൽ ആധിപത്യം തുടരുമ്പോഴും ക്ലബിന് ഒരു ചാമ്പ്യൻസ് ലീഗ് പദ്ധതി ഇപ്പോഴും സ്വപ്നമായി തുടരുകയാണ്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ എന്നിവരെ അണിനിരത്തിയിട്ടും കഴിഞ്ഞ രണ്ടു സീസണുകളിലും ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായിട്ടില്ല. 2017ലാണ് എംബാപ്പ മൊണോക്കയില്‍നിന്ന് പി.എസ്.ജിയിലെത്തിയത്. 283 മത്സരങ്ങളില്‍നിന്നായി 234 ഗോളുമായി പി.എസ്.ജിയുടെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് എംബാപ്പെ. അഞ്ച് ലീഗ് വണ്‍ ഉള്‍പ്പടെ ക്ലബിന്‍റെ 16 കിരീടനേട്ടങ്ങളിലും താരം നിര്‍ണായക പങ്കാളിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.