പാരിസ്: ഹോം ഗ്രൗണ്ടായ പാർക് ഡെ പ്രിൻസസിലെ പി.എസ്.ജിയുടെ 35 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് വിരാമമിട്ട് റെന്നെ. ചമ്പ്യൻസ് ലീഗിൽനിന്ന് ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതിന്റെ ആഘാതം മാറുംമുമ്പാണ് ലീഗ് വണ്ണിലെ അഞ്ചാം സ്ഥാനക്കാരായ റെന്നെയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും കഴിഞ്ഞ 13 വർഷത്തിനിടെ 11 തവണ ചാമ്പ്യന്മാരായ ടീമിന് രക്ഷയുണ്ടായില്ല. 2021 ഏപ്രിലിന് ശേഷം ആദ്യമായാണ് ലീഗ് വണ്ണിൽ പി.എസ്.ജി സ്വന്തം തട്ടകത്തിൽ തോൽവിയറിയുന്നത്. റെന്നെയോട് സീസണിലെ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ ജനുവരിയിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ കാമറൂൺ താരം ടോകോ ഇകാംബിയാണ് റെന്നെക്കായി ആദ്യ ഗോൾ നേടിയത്. ബൂറിഗ്യൂഡിൽനിന്നുള്ള മനോഹര പാസ് നെഞ്ചിൽ സ്വീകരിച്ച ഇകാംബി പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളവസരങ്ങൾ എംബാപ്പെക്ക് മെസ്സി കൈമാറിയെങ്കിലും രണ്ടും പാഴാക്കി. രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ റെന്നെയുടെ രണ്ടാം ഗോളും എത്തി. ഇത്തവണ ആർണോഡ് കാലിമ്യുണ്ടോയാണ് വല കുലുക്കിയത്. ബൂറിഗ്യൂഡ് ഉയർത്തിനൽകിയ പാസ് സ്വീകരിച്ച ഉഗോചുകു പെനാൽറ്റി ഏരിയക്ക് തൊട്ടടുത്തുനിന്ന് കാലിമ്യുണ്ടോക്ക് കൈമാറുകയായിരുന്നു. മുൻ പി.എസ്.ജി താരം പിഴവൊന്നുമില്ലാതെ ഡോണറുമ്മയെ കീഴടക്കി പന്ത് വലയിലെത്തിച്ചു.
കളിയുടെ 60 ശതമാനവും പന്ത് കൈവശം വെക്കുകയും വലക്ക് നേരെ എട്ട് ഷോട്ടുകളുതിർക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാത്തതാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. നിലവിൽ 66 പോയന്റുമായി പി.എസ്.ജി തന്നെയാണ് ലീഗിൽ മുന്നിൽ. 59 പോയന്റുമായി മാഴ്സെ രണ്ടാമതുണ്ട്. 50 പോയന്റുള്ള റെന്നെ അഞ്ചാമതാണ്.
മത്സരം ആരംഭിക്കുംമുമ്പ് കൂക്കുവിളികളോടെയും പരിഹാസങ്ങളോടെയുമായിരുന്നു പി.എസ്.ജി ആരാധകർ സൂപ്പർ താരം മെസ്സിയെ എതിരേറ്റത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റുപുറത്തായതിന് പിന്നാലെ മെസ്സിക്കെതിരെ അടുത്ത മത്സരത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് പി.എസ്.ജി ഫാൻസ് കൂട്ടായ്മയായ 'കളക്ടീവ് അൾട്രാസ് പാരിസ്' മുന്നറിയിപ്പ് നൽകിയിരുന്നു. റെന്നെക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു.
ടീം ഇലവൻ പ്രഖ്യാപനത്തിനിടെ മെസ്സിയുടെ പേര് വിളിച്ചപ്പോഴായിരുന്നു ആരാധകർ കൂക്കിവിളികളോടെയും പരിഹാസങ്ങളോടെയും നേരിട്ടത്. എന്നാൽ, എംബാപ്പെയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ആരവം മുഴക്കുകയായിരുന്നു. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ മെസ്സി നേരെ ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോകുകയും ചെയ്തു.
അതേസമയം, ആരാധകരുടെ നടപടിക്കെതിരെ കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ രംഗത്തെത്തി. താരങ്ങൾ അവരുടെ മികച്ച പ്രകടനമാണ് ഗ്രൗണ്ടിൽ പുറത്തെടുക്കുന്നതെന്നും അവരെ കൂവിത്തോൽപിക്കാൻ ഒരു ന്യായവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബയേൺ മ്യൂണിക്ക് മികച്ച ടീമായതുകൊണ്ടാണ് തങ്ങൾ തോറ്റതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.