ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയും പാരിസ് സെന്‍റ് ജെർമെയ്നും (പി.എസ്.ജി) തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാനാകുമെന്ന് ക്ലബ് പരിശീലകൻ ലൂയിസ് എൻറിക്. കരാർ പുതുക്കാൻ എംബാപ്പെ വിസ്സമതിച്ചതോടോയാണ് തർക്കം ഉടലെടുക്കുന്നത്.
കഴിഞ്ഞദിവസം ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ പാർക് ഡി പ്രിൻസസിൽനിന്ന് താരത്തിന്‍റെ ചിത്രം ഒഴിവാക്കിയിരുന്നു. പാരിസിലെ ക്ലബിന്‍റെ ഔദ്യോഗിക ഔട്ട്‍ലെറ്റിൽ എംബാപ്പെയുടെ ജഴ്സി വിൽപനയും നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് പ്രശ്ന പരിഹാരത്തിന് സാധ്യത തെളിഞ്ഞതായി മുൻ സ്പെയിൻ പരിശീലകൻ കൂടിയായ ലൂയിസ് വെളിപ്പെടുത്തിയത്.
24കാരനായ എംബാപ്പെക്ക് പി.എസ്.ജിയുമായി ഒരു വർഷം കൂടി കരാർ കാലാവധിയുണ്ട്. കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് എംബാപ്പെ അറിയിക്കുകയായിരുന്നു. എന്നാൽ, ഫ്രീ ഏജന്‍റായി താരം പുറത്തുപോകുന്നത് ക്ലബിന് വലിയ നഷ്ടമാകും. ഒന്നില്ലെങ്കിൽ കരാർ പുതുക്കുക അല്ലെങ്കിൽ ക്ലബ് വിട്ടുപോകുക എന്ന കർശന നിർദേശമാണ് ക്ലബ് താരത്തിന് മുന്നിൽ വെച്ചിരിക്കുന്നത്.
2021-22 സീസണിലും സമാന പ്രശ്നം ഉടലെടുത്തിരുന്നു. എംബാപ്പെക്കായി അന്ന് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും താരം കരാർ പുതുക്കാൻ തയാറായി. ‘വിഷയം ഞങ്ങൾ ചർച്ച ചെയ്തതാണ്, ക്ലബും താരവും തമ്മിൽ ഒരു പരിഹാരം കണ്ടെത്തി. അതാണ് ഞാൻ ആഗ്രഹിച്ചിരുന്നതും. ഈ ക്ലബിന്റെ തത്ത്വശാസ്ത്രം വളരെ വ്യക്തമാണ്: എല്ലാത്തിനും വലുത് ക്ലബ് തന്നെയാണ്, ഞാൻ അത് 100 ശതമാനം പങ്കിടുന്നു’ -ലൂയിസ് പറഞ്ഞു.
നെയ്മർ, മാർകോ വെറാറ്റി എന്നിവരെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ബ്രസീൽ സൂപ്പർതാരം ക്ലബ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു. ജൂലൈയിലാണ് ലൂയിസ് പി.എസ്.ജി പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് ജേതാക്കളായെങ്കിലും ലോകത്തിലെ സൂപ്പർതാരങ്ങൾ അണിനിരന്ന ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കാര്യമായ മുന്നേറ്റം നടത്താനായില്ല.
ശനിയാഴ്ച ലോറിയെന്‍റിനെതിരായ മത്സരത്തോടെ ക്ലബിന്‍റെ പുതിയ സീസണ് തുടക്കമിടുകയാണ്. ടീമിൽ എംബാപ്പെ ഉണ്ടാകുമോ എന്നതാണ് ആരാധകരെല്ലാം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.