ടീം അധികൃതരുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് സസ്പെൻഷനിലായ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗിൽ തകർപ്പൻ ജയം. ലീഗിൽ പത്തൊമ്പതാം സ്ഥാനത്തുള്ള ട്രോയസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം.
എട്ടാം മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. വലതുവശത്തുനിന്ന് വിറ്റിഞ്ഞ നൽകിയ ക്രോസ് എതിർ താരത്തിന്റെ ദേഹത്തും ക്രോസ് ബാറിലും തട്ടി മടങ്ങിയപ്പോൾ എംബാപ്പെ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. പതിനഞ്ചാം മിനിറ്റിലും എംബാപ്പെക്ക് അവസരം ലഭിച്ചെങ്കിലും ഇത്തവണ ഹെഡർ ഗോൾകീപ്പർ ഗാലൺ പിടിച്ചെടുത്തു.
59ാം മിനിറ്റിൽ വെറാറ്റിയുടെ പാസിൽ വിറ്റിഞ്ഞ ലീഡ് ഇരട്ടിപ്പിച്ചപ്പോൾ 83ാം മിനിറ്റിൽ ട്രോയസ് ഒരു ഗോൾ മടക്കി. സേവ്യർ ഷാവലറിൻ ആണ് വല കുലുക്കിയത്. എന്നാൽ, മൂന്ന് മിനിറ്റിനകം ഫാബിയൻ റൂയിസ് പി.എസ്.ജിക്കായി ഒരു ഗോൾ കൂടി നേടിയതോടെ ഗോൾ പട്ടിക പൂർത്തിയായി. റെനാറ്റോ സാഞ്ചസ് നൽകിയ മനോഹര പാസ് എംബാപ്പെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ നേരെ എത്തിയത് റൂയിസിന്റെ കാലിലേക്കായിരുന്നു. താരം പിഴവൊന്നുമില്ലാതെ പന്ത് വലയിലെത്തിച്ചു. ലീഗിൽ 34 മത്സരങ്ങൾ പൂർത്തിയാക്കിയ പി.എസ്.ജിക്ക് 78 പോയന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലെൻസിന് 72 പോയന്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.