ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിക്ക് കിരീടം. സ്ട്രാസ്ബർഗിനോട് (1-1) സമനില വഴങ്ങിയെങ്കിലും പി.എസ്.ജി തങ്ങളുടെ 11ാം ലീഗ് വൺ കിരീടം ഉറപ്പിച്ചു. ഒരു മത്സരം ബാക്കി നിൽക്കെയാണ് പി.എസ്.ജിയുടെ റെക്കോഡ് കിരീട നേട്ടം. ഇതോടെ ഏറ്റവും കൂടുതൽ തവണ ലീഗ് വൺ ചാമ്പ്യന്മാരെന്ന നേട്ടം പി.എസ്.ജി സ്വന്തമാക്കി.
പത്ത് തവണ ചാമ്പ്യന്മാരായ സെന്‍റ്-എറ്റിയനെയാണ് മെസ്സിയും സംഘവും മറികടന്നത്. കിരീട നേട്ടത്തോടെ മെസ്സിക്ക് പി.എസ്.ജിയിൽനിന്ന് പടിയിറങ്ങാം. സീസണൊടുവിൽ താരം ക്ലബ് വിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 11 സീസണിൽ പി.എസ്.ജിയുടെ ഒമ്പതാം കിരീടമാണിത്. മത്സരത്തിന്‍റെ 59ാം മിനിറ്റിൽ മെസ്സിയിലൂടെ പി.എസ്.ജിയാണ് ആദ്യം ലീഡെടുത്തത്.
സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, 79ാം മിനിറ്റിൽ കെവിൻ ഗമേറോയിലൂടെ സ്ട്രാസ്ബർഗ് ഒപ്പമെത്തി. ഒരു മത്സരം ബാക്കി നിൽക്കെ, ലീഗിൽ രണ്ടാമതുള്ള ലെൻസിനേക്കാൾ നാലു പോയന്‍റ് ലീഡുണ്ട് പി.എസ്.ജിക്ക്. 37 മത്സരങ്ങളിൽനിന്ന് 85 പോയന്‍റ്. ഇത്രയും മത്സരങ്ങളിൽനിന്ന് ലെൻസിന് 81 പോയന്‍റും. 21 വർഷത്തിനു ശേഷമാണ് ലെൻസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്.
എല്ലാം തികഞ്ഞതായിരുന്നില്ല സീസണെന്നും എന്നാൽ ഈ നേട്ടം പൂർണമായും കളിക്കാർക്കുള്ളതാണെന്നും ഫ്രഞ്ച് ചാമ്പ്യന്മാരാകുക എന്നത് വലിയ കാര്യമാണെന്നും പി.എസ്.ജി പരിശീലകൻ ക്രിസ്റ്റഫർ ഗാൽറ്റിയർ പറഞ്ഞു. ലീഗിൽ 73 പോയന്‍റുമായി മൂന്നാമതുള്ള ഒളിമ്പിക് ഡി മാർസെയിലും യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.