പാരിസ്: ലീഗ് വണ്ണിൽ റെന്നെക്കെതിരെ തകർപ്പൻ ജയവുമായി പി.എസ്.ജി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ ജയിച്ചുകയറിയത്. ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുനൈറ്റഡിനോട് 4-1ന് തകർന്നടിഞ്ഞ പി.എസ്.ജിയുടെ തകർപ്പൻ തിരിച്ചുവരവിന് കൂടിയാണ് മത്സരം സാക്ഷ്യം വഹിച്ചത്.
ആറാം മിനിറ്റിൽ തന്നെ കാലിമെൻഡോ പി.എസ്.ജി ഗോൾമുഖം വിറപ്പിച്ചു. ഒറ്റക്ക് മുന്നേറിയ താരത്തിന്റെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ ഡോണറുമ്മ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിക്കുകയായിരുന്നു. 32ാം മിനിറ്റിൽ വിറ്റിഞ്ഞയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. എതിർ ഡിഫൻഡർമാരെ വകഞ്ഞുമാറ്റി ഉസ്മാനെ ഡെംബലെ നൽകിയ മനോഹര പാസ് താരം ബോക്സിന് പുറത്തുനിന്ന് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
നാല് മിനിറ്റിന് ശേഷം അഷ്റഫ് ഹക്കീമിയിലൂടെ പി.എസ്.ജി രണ്ടാം ഗോളും നേടി. വാറൻ സയർ എമരി നൽകിയ ക്രോസ് ഹക്കീമി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഓഫ്സൈഡിനായി റെന്നെ താരങ്ങൾ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 50ാം മിനിറ്റിൽ റെന്നെ താരം കാലിമെൻഡോയുടെ അക്രോബാറ്റിക് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്നാൽ, ആറ് മിനിറ്റിനകം റെന്നെ ഒരു ഗോൾ തിരിച്ചടിച്ചു. അമിനി ഗുയിരിയാണ് ഹെഡറിലൂടെ ലക്ഷ്യം നേടിയത്. എന്നാൽ, രണ്ട് മിനിറ്റിനകം ഒരു ഗോൾ കൂടി നേടി പി.എസ്.ജി ജയം ഉറപ്പിച്ചു. അഷ്റഫ് ഹക്കീമി നൽകിയ മനോഹര ക്രോസ് റണ്ടൽ കോളോ മുവാനി വലയിലേക്ക് തട്ടിയിടുകയായിരുന്നു.
ലീഗിൽ 15 പോയന്റുമായി മൂന്നാമതാണ് പി.എസ്.ജി. 17 പോയന്റുമായി മൊണാകൊയാണ് മുന്നിൽ. 16 പോയന്റുമായി നീസ് തൊട്ടുപിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.