പാരീസ്: പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപെയുമായി ചർച്ചകളൊന്നും നടത്തിയില്ലെന്ന സ്പാനിഷ് ക്ലബ് റയൽ മാഡ്രിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കരുക്കൾ നീക്കി ആഴ്സണലും ചെൽസിയും. സൂപ്പർതാരത്തിന്റെ കാര്യത്തിൽ പി.എസ്.ജിയും നിസംഗത തുടരുന്ന സാഹചര്യത്തിൽ കൂടുമാറ്റം ഏറെകുറേ ഉറപ്പായിട്ടുണ്ട്.
പി.എസ്.ജിയുമായി കരാർ ഈ വർഷത്തോടെ അവസാനിക്കുന്നതിനാൽ വിദേശത്തുള്ള ക്ലബ്ബുകൾക്ക് 2024 ജനുവരി മുതൽ എംബാപ്പെയ്‌ക്കായി ഒരു പ്രീ-കോൺട്രാക്റ്റ് ഡീൽ ചെയ്യാൻ കഴിയും.
അതേ സമയം, റയലിന്റെ പ്രസ്താവനയിൽ പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലീഫി പ്രതികരിച്ചു. റയൽ മാഡ്രിഡിന്റെ പ്രസ്താവന കണ്ടിട്ടില്ലെന്നും ഫുട്ബാളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അൽ ഖലീഫി പറഞ്ഞു.
'കിലിയൻ എംബാപെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. രണ്ടു തവണ ലോകകപ്പ് ഫൈനൽ കളിച്ചിട്ടുണ്ട്. ഹാട്രിക്കും നേടിയിട്ടുണ്ട്. ഫ്രാൻസിന്റെയും പി.എസ്.ജിയുടെയും ചുക്കാൻ പിടിക്കുന്നതും അവനാണ്. എങ്കിലും ആരും ക്ലബിനേക്കാൾ വലുതല്ല'- നാസർ അൽ ഖലീഫി പറഞ്ഞു.
2022 ലും റയലുമായി ബന്ധിപ്പിക്കുന്ന കിംവദന്തികൾ ഉയർന്നിരുന്നെങ്കിലും എല്ലാവരെയും നിശബ്ദരാക്കി പുതിയ കരാർ ഒപ്പിടുകയായിരുന്നു. എന്നാൽ അടുത്ത വർഷം ജനുവരി മുതൽ സൗജന്യ ട്രാൻസ്ഫറിൽ ലഭ്യമാകും എന്നുള്ളതിനാൽ പഴയ അവകാശ വാദങ്ങൾ വീണ്ടും ഉയർന്നുവന്നു.
കരാർ ഒപ്പിടുമെന്ന അഭ്യൂഹങ്ങൾക്കിടെ താരവുമായി ചർച്ച നടത്തിയില്ലെന്ന റയൽ മാഡ്രഡിന്റെ വെളിപ്പെടുത്തൽ അഭ്യൂഹങ്ങളെ ചെൽസി, ആഴ്സണൽ ടീമുകളിലേക്കെത്തിച്ചു. ഇക്കാര്യത്തിൽ പി.എസ്.ജി പ്രസിഡന്റ് തുടരുന്ന നിസ്സംഗത ഇനി എംബാപെ ടീമിലുണ്ടാകില്ല എന്നാണ് സൂചന നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.