ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വരാനിരിക്കുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബി ആരും കാണാതെ പോകരുത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതുമുഖം എര്‍ലിങ് ഹാലന്‍ഡ് തന്റെ അച്ഛന്റെ കരിയര്‍ അവസാനിപ്പിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടുമ്പോള്‍ തീ പാറും എന്നുറപ്പ്.
നോര്‍വെക്കാരനായ അല്‍ഫ് ഇന്‍ഗെ ഹാലന്‍ഡ് മൂന്ന് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തിലായിരുന്നു ഹാലന്‍ഡ് സിറ്റിക്കായി കളിച്ചത്. സിറ്റിക്കായി 45 മത്സരങ്ങള്‍ കളിച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ കരിയര്‍ ആയുസ്സ് കുറച്ചത് 2001 ഏപ്രിലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള പോരാട്ടമാണ്. അന്ന് ഹാലന്‍ഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റോയ് കീന്‍ അപകടകരമായി വീഴ്ത്തി. ആ വീഴ്ചയില്‍ കാല്‍മുട്ടിന് ഇളക്കം പറ്റിയ ഹാലന്‍ഡിന് പിന്നീടൊരിക്കലും പരിക്കിന്റെ പിടിയില്‍നിന്ന് മുക്തനാകാനായില്ല.
ഈയൊരു ചരിത്രം മകന്‍ എര്‍ലിങ് ഹാലന്‍ഡിന്റെ സിരകളെ ചൂടുപിടിപ്പിക്കുന്നു. അതാണ്, ജര്‍മന്‍ ക്ലബ് ബൊറുസിയ ഡോട്മുണ്ടിന് മുന്നില്‍ വമ്പന്‍ ഓഫര്‍ വെച്ചിട്ടും ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോകില്ലെന്ന് വാശിപിടിച്ചത്. ഒടുവില്‍ അച്ഛന്‍ കളിച്ച അതേ തട്ടകത്തിലേക്ക് മകനും എത്തി. ഇന്ന് യൂറോപ്പില്‍ എണ്ണം പറഞ്ഞ സ്‌ട്രൈക്കറാണ് ഹാലന്‍ഡ്. ആസ്റ്റന്‍വില്ലയുടെ മുന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ അഗ്‌ബൊന്‍ലഹര്‍ വിശ്വസിക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഹാലന്‍ഡ് ഹാട്രിക്ക് ഗോളടിക്കുമെന്നാണ്.
പെപ് ഗോര്‍ഡിയോളക്ക് കീഴില്‍ ഹാലന്‍ഡ് ലോകോത്തര സ്‌ട്രൈക്കറായി മാറും. അതിന്റെ തിക്തഫലം അനുഭവിക്കുക മാഞ്ചസ്റ്റര്‍ യുനൈറ്റഡായിരിക്കുമെന്നും ഗബ്രിയേല്‍ നിരീക്ഷിക്കുന്നു.
നേരിടാനാഗ്രഹിക്കുന്ന ടീം ഏതെന്ന ചോദ്യത്തിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന് ഹാലന്‍ഡ് മറുപടി നല്‍കിയത് മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് സൂപ്പര്‍ പരിവേഷം നല്‍കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.