ഖത്തർ ഫുട്ബാൾ ടീം നായകൻ ഹൈദോസ് വിരമിച്ചു

ദോഹ: ഖത്തറിനെ വൻകരയുടെ നെറുകെയിലേക്ക് നയിച്ച നായകൻ ഹസൻ അൽ ഹൈദോസ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. 2007ൽ യൂത്ത് ടീമിൽ തുടങ്ങി, അടുത്ത വർഷം മുതൽ ദേശീയ ടീമിലെ മുൻനിര സാന്നിധ്യമായി മാറിയ ഹസൻ അൽ ഹൈദോസ് 33ാം വയസ്സിലാണ് വിരമിക്കുന്നത്.

അന്താരാഷ്ട്ര ഫുട്ബാൾ അവസാനിപ്പിച്ചെങ്കിലും ക്ലബ് കുപ്പായത്തിൽ ഈ മുന്നേറ്റ നിരക്കാരൻ തുടരും. ഇതിനകം 183 മത്സരങ്ങളിൽനിന്ന് 41 ഗോളുകളും രണ്ട് ഏഷ്യൻ കപ്പ് ഉൾപ്പെടെ മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയാണ് പടിയിറക്കം. 2019, 2023 ഏഷ്യൻ കപ്പുകളിലേക്ക് ഖത്തറിനെ നയിച്ച നായകൻ എന്ന റെക്കോഡിനൊപ്പം, 2014ൽ ഗൾഫ് കപ്പിൽ ഖത്തർ മുത്തമിടുമ്പോഴും ടീമിലെ പ്രധാന സാന്നിധ്യമായി ഹൈദോസുണ്ടായിരുന്നു.

16 വർഷം നീണ്ട അതുല്യ സേവനത്തിനും അഭിമാനകരമായ സംഭാവനക്കും ഹൈദോസിന് നന്ദി അർപ്പിക്കുന്നതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ‘16 വർഷത്തെ ഹൈദോസിന്റെ കരിയർ സ്വപ്നതുല്യമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം നിരവധി നേട്ടങ്ങളിൽ പങ്കുവഹിച്ചു. ഒരുപിടി കിരീടങ്ങളിലേക്കും ടീമിനെ നയിച്ചു. അൽ അന്നാബിയുടെ വിശ്വസ്തനായ നായകനായിരുന്നു. വരാനിരിക്കുന്ന പ്രഫഷനൽ യാത്രയിലെ വിജയങ്ങളിൽ ആശംസകൾ നേരുന്നു’ -ഏഷ്യൻ കപ്പ് കിരീടനേട്ടത്തിനു പിന്നാലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബിഷ്ത് അണിയിക്കുന്ന ചിത്രം പങ്കുവെച്ച് ക്യു.എഫ്.എ കുറിച്ചു.

Tags:    
News Summary - Qatar football team captain Hassan Al Haydos has retired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.