ഏ​ഷ്യാ​ക​പ്പ് ആ​തി​ഥേ​യ​ത്വം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം എ.​എ​ഫ്.​സി പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ഖ​ലീ​ഫ, ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ, ക്യു.​എ​ഫ്.​എ പ്ര​സി​ഡ​ന്റ് ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ​ഥാ​നി എ​ന്നി​വ​ർ

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കൊ​പ്പം

ആഘോഷങ്ങൾ നിലക്കുന്നില്ല

ദോഹ: കളിയുടെ വലിയ പെരുന്നാളിനായി കൊട്ടും മേളവുമായുള്ള കാത്തിരിപ്പിനിടയിലാണ് ഖത്തറിനെ തേടി വൻകരയുെട കളിയുത്സവമെത്തുന്നത്.എട്ട് സ്റ്റേഡിയങ്ങളൊരുക്കി, ഒപ്പം ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ആഘോഷ രാവുകളുമായി ലോകകപ്പിലേക്ക് നാളുകളെണ്ണി കാത്തിരിക്കുന്നതിനിടെ, തിങ്കളാഴ്ച രാവിലെ മലേഷ്യയിലെ ക്വാലാലംപുരിലെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് ഖത്തറിനെ തേടിയെത്തിയത് മറ്റൊരു സൂപ്പർ ബംബർ.

ലോകകപ്പിലൂടെ കായിക പോരാട്ടങ്ങൾക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമായ ഖത്തറിന് അർഹിച്ചത് കൂടിയാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ ആതിഥേയത്വവും. കഴിഞ്ഞ നവംബർ-ഡിസംബറിൽ ഫിഫ അറബ് കപ്പും ഇത്തവണ ലോകകപ്പുമായി ഫുട്ബാളിന്റെ ശൈത്യകാലക്കുളിരണിയുന്ന ഖത്തറിന് ആ ആവേശം ഇനിയും തുടരും. ലോകകപ്പ് ഫുട്ബാൾ ഷെഡ്യൂൾ മാറ്റിയതുപോലെ, ഏഷ്യാകപ്പും ജൂൺ-ജൂലൈ മാസത്തിൽ നിന്നും നവംബർ-ഡിസംബറിലേക്ക് മാറ്റിയാവും ടൂർണമെൻറ് സംഘടിപ്പിക്കുക. ലീഗ് സീസണുകളുടെ ഷെഡ്യൂൾ കൂടി പരിഗണിച്ച് ചിലപ്പോൾ ജനുവരി-ഫെബ്രുവരിയിലേക്കും നീണ്ടേക്കാം. ഖത്തറിന്റെയും അറബ് മേഖലയുടെയും ഫുട്ബാൾ ആവേശത്തിനുള്ള അംഗീകാരം കൂടിയാണ് തുടർച്ചയായി വിരുന്നെത്തുന്ന പ്രധാന ഫുട്ബാൾ മേളകൾ.

ചൈനയുടെ പിന്മാറ്റം; ഖത്തറിന്റെ ലോകകപ്പ് പരിചയം

ചൈനയായിരുന്നു നേരത്തേ ഏഷ്യൻകപ്പ് ഫുട്ബാൾ വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബെയ്ജിങ്, ഗ്വാങ്ചു, വുഹാൻ ഉൾപ്പെടെ 12 നഗരങ്ങളിലായി ടൂർണമെൻറ് നടത്താനായിരുന്നു ഒരുക്കം.എന്നാൽ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ 'സീറോ കോവിഡ് പോളിസിയുടെ ഭാഗമായി ചൈന പിൻവാങ്ങിയതോടെ എ.എഫ്.സി പുതിയ വേദി തേടുകയായിരുന്നു. വേദിയൊരുക്കാൻ സന്നദ്ധരായി ഖത്തറിനൊപ്പം ആസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും രംഗത്തെത്തി. എന്നാൽ, ആദ്യം ആസ്ട്രേലിയ പിൻവാങ്ങി.

ശക്തമായി രംഗത്തുണ്ടായിരുന്ന ഇന്തോനേഷ്യയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ഒക്ടോബർ ഒന്നിനുണ്ടായ ഫുട്ബാൾ ദുരന്തം. കളിക്കിടെ കാണികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലും തിക്കും തിരക്കും 130 പേരുടെ മരണത്തിനിടയാക്കിയ സംഭവം ഇന്തോനേഷ്യൻ പ്രതിച്ഛായക്ക് തിരിച്ചടിയായി. സ്റ്റേഡിയങ്ങളുടെ അഭാവം കൂടി കണക്കിലെടുത്ത് രണ്ടുദിവസം മുമ്പാണ് അവർ പിൻവാങ്ങിയത്.

അവസാന റൗണ്ടിൽ ഖത്തറും ദക്ഷിണ കൊറിയയും മാത്രമായപ്പോൾ, വൻകരയുടെ ഫുട്ബാൾ മേള വീണ്ടും അറബ്നാട്ടിൽ തന്നെ എത്തുകയായിരുന്നു.ലോകകപ്പിനുള്ള തയാറെടുപ്പും ലോകോത്തരമായ മികച്ച എട്ട് സ്റ്റേഡിയങ്ങളും സമീപകാലത്ത് ഒട്ടനവധി ഫുട്ബാൾ മേളകൾക്ക് വേദിയായ പരിചയവുമെല്ലാം ഖത്തറിനെ പരിഗണിക്കാൻ കാരണമായതായി എ.എഫ്.സി പ്രസിഡൻറ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.

ചാമ്പ്യൻമാരുടെ മണ്ണിൽ കളി

2019ലെ ജേതാക്കൾ എന്ന തലയെടുപ്പോടെയാണ് ഖത്തർ അടുത്ത വർഷം ഏഷ്യൻ മേളക്ക് വേദിയൊരുക്കുന്നത്. 1988ലായിരുന്നു ആദ്യമായി വേദിയായത്. അന്ന് സൗദി ഖത്തറിന്റെ മണ്ണിൽ കിരീടം ചൂടി. അൽഅഹ്ലി, ഖത്തർ സ്പോർട്സ് ക്ലബ് എന്നിവയായിരുന്നു വേദി.

2011ൽ വീണ്ടും ഏഷ്യൻ കപ്പ് ടൂർണമെൻറ് വന്നപ്പോൾ ഖലീഫ സ്റ്റേഡിയം, അൽ റയ്യാൻ, ദോഹ ഥാനി ബിൻ ജാസിം സ്റ്റേഡിയം, സുഹൈം ബിൻ ഹമദ് സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നിവ വേദിയായി. ജപ്പാനായിരുന്നു ജേതാക്കൾ.ഖത്തർ ക്വാർട്ടറിൽ പുറത്തായി. മൂന്നാമതും ടൂർണമെൻറ് വരുേമ്പാൾ ലോകകപ്പ് വേദികളുടെ ആഡംബരത്തിൽ തന്നെ ഏഷ്യൻടീമുകൾക്ക് ഇവിടെ പന്തു തട്ടാം. 

കളിക്കുന്നത് 24 ടീമുകൾ; ഇന്ത്യയുമുണ്ട്

ദോഹ: വലിയൊരു സമൂഹം ഇന്ത്യക്കാരുള്ള നാട്ടിൽ നിറഗാലറിയുടെ പിന്തുണയിൽ തന്നെ നീലപ്പടക്ക് അടുത്ത വർഷം ഏഷ്യാകപ്പ് കളിക്കാം എന്നതാണ് മെച്ചം. യോഗ്യത റൗണ്ടിന്റെ മൂന്നാംഘട്ട മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ യോഗ്യത നേടിയത്. 24 ടീമുകളാണ് ഏഷ്യാകപ്പിൽ മത്സരിക്കുന്നത്.

യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും മത്സരിക്കുന്നുണ്ട്. യോഗ്യത റൗണ്ട് ഗ്രൂപ്പ് ജേതാക്കൾ എന്നനിലയിൽ ഖത്തർ നേരത്തേ യോഗ്യത നേടിയിരുന്നു. ഇപ്പോൾ, ആതിഥേയരായി ഗ്രൂപ്പ് 'എ'യിലേക്ക് ഖത്തറിന് നേരിട്ട് പ്രവേശനവും ലഭിക്കും.

Tags:    
News Summary - qatar Hosting the Asian Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.