ദോഹ: കോവിഡിൽനിന്ന് മുക്തമായവരെയും ആരോഗ്യ പ്രവർത്തകരെയും സാക്ഷി നിർത്തി 2022 ഖത്തർ ലോകകപ്പിനായുള്ള നാലാമത് സ്റ്റേഡിയമായ അൽ റയ്യാൻ കായികലോകത്തിനായി സമർപ്പിച്ചു. 49ാം ദേശീയദിനാഘോഷത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കിയാണ് 40,000 പേർക്ക് ഇരിപ്പിടമുള്ള മണൽക്കൂനകളുടെ മാതൃകയിലെ കൂറ്റൻ സ്റ്റേഡിയം തുറന്നത്.
അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് നടത്താനുള്ള ഖത്തറിെൻറ ഒരുക്കത്തിൽ പൂർണതൃപ്തിയുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത ഫിഫ പ്രസിഡൻറ് ജിയാൻറിനോ ഇൻഫാൻറിനോ പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, മുൻലോകഫുട്ബാൾ താരങ്ങൾ, ദേശീയ കായികതാരങ്ങളടക്കം ചടങ്ങിൽ പങ്കെടുത്തു. അമീർ കപ്പിെൻറ ഫൈനൽ പോരാട്ടത്തോടെയാണ് ലോകകപ്പ് സ്റ്റേഡിയം മിഴിതുറന്നത്. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ അറബിയെ തോൽപിച്ച് സ്പാനിഷ് ഇതിഹാസം സാവി പരിശീലിപ്പിക്കുന്ന അൽസദ്ദ് അമീർ കപ്പ് ജേതാക്കളായി.
അൽ റയ്യാൻ ക്ലബിെൻറ ഹോം ഗ്രൗണ്ടായ അഹ്മദ് ബിൻ അലി സ്റ്റേഡിയം പൊളിച്ചാണ് പുതിയത് നിർമിച്ചത്. പ്രീ ക്വാർട്ടർ മത്സരങ്ങളുൾപ്പെടെ ലോകകപ്പിെൻറ ഏഴു മത്സരങ്ങൾക്കാണ് ഇവിടെ വേദിയാകുക. ശേഷം ക്ലബിെൻറ ഹോം ഗ്രൗണ്ടായി മാറും. ഇരിപ്പിടങ്ങളുടെ എണ്ണം 20,000 ആക്കി ചുരുക്കി ബാക്കിയുള്ളവ കായികസൗകര്യങ്ങൾ ആവശ്യമുള്ള മറ്റു രാജ്യങ്ങൾക്കായി നൽകും.
ഇതോടെ ലോകകപ്പിനുള്ള എട്ടുവേദികളിൽ നാലെണ്ണം പൂർത്തിയായിക്കഴിഞ്ഞു. ഖലീഫ, വക്റ അൽ ജനൂബ്, എജുക്കേഷൻ സിറ്റി, അൽ റയ്യാൻ എന്നീ സ്റ്റേഡിയങ്ങളാണ് നിലവിൽ ഉദ്ഘാടനം കഴിഞ്ഞത്. അൽ ബയ്ത്, തുമാമ സ്റ്റേഡിയങ്ങൾ അവസാന മിനുക്കുപണികളിലാണ്. കണ്ടെയ്നർ സ്റ്റേഡിയമെന്നറിയപ്പെടുന്ന റാസ് അബൂ അബൂദ്, കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയം എന്നിവ 2021ൽ പൂർത്തിയാകും. മറ്റ് അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.