ബാലൺ ദ്യോർ പുരസ്കാരത്തിന് ശേഷം അർജന്‍റീനയുടെ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിനെ ആക്ഷേപിച്ച് വിനീഷ്യസ് അനുകൂലികൾ. വിനീഷ്യസിന് ലഭിക്കേണ്ട പുരസ്കാരം ഡിപോൾ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് ഡിപോളിന്‍റെ ഇൻസ്റ്റഗ്രാം കമന്‍റ് ബോക്സിൽ വിനീഷ്യസിന്‍റെയും റയൽ മാഡ്രിഡിന്‍റെയും ആരാധകരെത്തിയത്.
എന്നാൽ റോഡ്രിഗോ ഡി പോളും ബാലൺ ദ്യോറും തമ്മിൽ ഒരു ബന്ധവുമില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്കാണ് യഥാർത്ഥത്തിൽ പുരസ്കാരം ലഭിച്ചത്. ആരാധകർക്ക് ആള് മാറിയാണ് ഡിപോളിന്‍റെ കമന്‍റ് ബോക്സിലെത്തിയിരിക്കുന്നത്. 'നിങ്ങൾ ബാലൺ ദ്യോർ മോഷ്ടിച്ചു', 'വിനിയാണ് യഥാർത്ഥത്തിൽ പുരസ്കാരത്തിന് അർഹൻ', നിങ്ങൾക്ക് ഒരു അർഹതയുമില്ല ഇത് നേടുവാൻ ഏന്നൊക്കെയാണ് വിനിഷ്യസ് അനുകൂലികൾ കമന്‍റ് ബോക്സിൽ കുറിക്കുന്നത്.
കഴിഞ്ഞുപോയ സീസണിൽ മികച്ച പ്രകടനമായിരുന്നു വിനീഷ്യസും റോഡ്രിയുമെല്ലാം നടത്തിയത്. ചാമ്പ്യൻസ് ലീഗിലെ പ്ലെയർ ഓഫ് ദി ടൂർണമെന്‍റായ വിനീഷ്യസ് ഇത്തവണ ബാലൺ ദ്യോർ നേടുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ സ്പെയ്ൻ നേടിയ യൂറോ കപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്‍റായ റോഡ്രിക്ക് ബാലൺ ദ്യോർ ലഭിക്കുകയായിരുന്നു. റയൽ മാഡ്രിഡ് പുരസ്കാരത്തെ അപലപിച്ചു. പരിപാടിയിൽ പങ്കെടുക്കാനോ ഫോട്ടൊ പങ്കുവെക്കാനോ മാഡ്രിഡോ മാഡ്രിഡ് താരങ്ങളോ തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.