മഡ്രിഡ്: പ്രതിരോധത്തിലെ ഗുരുതര പിഴവുകളിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഒന്നാം പാദ അങ്കം തോറ്റ് ലിവർപൂൾ. സാന്‍റിയാഗോ ബർണബ്യുവിൽ മാന്ത്രിക പ്രകടനവുമായി കളി നയിച്ച വിനീഷ്യസിന്‍റെ മികവിൽ റയൽ മഡ്രിഡ് 3-1നാണ് േക്ലാപിന്‍റെ കുട്ടികളെ തുരത്തിയത്. ഇനി സ്വന്തം കളിമുറ്റത്ത് ഇതിലേറെ വലിയ മാർജിനിൽ ജയം പിടിക്കുകയെന്ന അസാധ്യ ലക്ഷ്യം കടന്നാലേ ലിവർപൂളിന് സെമി സ്വപ്നം കാണാനൊക്കൂ.
പ്രമുഖരൊക്കെയും പരിക്കിൽ വലഞ്ഞ് വിശ്രമിക്കുന്ന ലിവർപൂൾ പ്രതിരോധം കാക്കുന്നതിൽ പകരക്കാർ പരാജയപ്പെട്ടപ്പോൾ ആദ്യ പകുതിയിൽ തന്നെ റയൽ സ്കോറിങ് തുടങ്ങി. വിനീഷ്യസ് ജൂനിയറായിരുന്നു ആദ്യം ലിവർപൂൾ വല തുളച്ചത്. 10 മിനിറ്റിനിടെ അസെൻസിയോ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ് സലാഹ് ലിവർപൂളിനായി ഒരു ഗോൾ മടക്കിയതോടെ കളി ഒപ്പത്തിനൊപ്പം വരുമെന്ന് തോന്നിച്ചെങ്കിലും വൈകാതെ വിനീഷ്യസ് രണ്ടാം ഗോളും വിജയവും ഉറപ്പാക്കി. ഏപ്രിൽ 14നാണ് രണ്ടാം പാദം. കളി വെറുതെ കളഞ്ഞുകുളിക്കുകയായിരുന്നുവെന്ന് ലിവർപൂൾ പരിശീലകൻ േക്ലാപ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ആഴ്സണലിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തകർത്ത ആവേശവുമായി എത്തിയാണ് ലിവർപൂൾ മൂന്നു ഗോൾ വാങ്ങിച്ച് തോൽവിയിലേക്ക് കൂപ്പുകുത്തിയത്.
രണ്ടാമമെത്ത ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി ജർമൻ ടീമായ ബൊറൂസിയ ഡോർട്മണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപിച്ചു. കെവിൻ ഡി ബ്രുയിൻ 19ാം മിനിറ്റിൽ സിറ്റിയെ മുന്നിലെത്തിച്ചപ്പോൾ റൂസ് 84ാം മിനിറ്റിൽ എതിരാളികൾക്ക് വിലപ്പെട്ട സമനില സമ്മാനിച്ചു. അവസാന വിസിൽ മുഴങ്ങാനിരിക്കെ ഫിൽ ഫോഡൻ സിറ്റിെയ മുന്നിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.