മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ മുമ്പന്മാരായ റയൽ മഡ്രിഡിന് ജയം. രണ്ടാമതുള്ള സെവിയ്യ സമനിലയിൽ കുടുങ്ങുകയും ചെയ്തതോടെ ഒന്നാം സ്ഥാനത്ത് റയലിന്റെ ലീഡ് ആറു പോയൻറായി. 23 മത്സരങ്ങളിൽ റയലിന് 53ഉം സെവിയ്യക്ക് 47ഉം പോയന്റാണുള്ളത്. മൂന്നാമതുള്ള റയൽ ബെറ്റിസ് (40) വിയ്യ റയലിനോട് 2-0ത്തിന് തോറ്റു. മാർകോ അസെൻസിയോ 74-ാം മിനിറ്റിൽ നേടിയ ഗോളിലാണ് റയൽ ഗ്രാനഡയെ മറികടന്നത്. സെവിയ്യയെ ഒസാസുന ഗോൾരഹിത സമനിലയിൽ പൂട്ടുകയായിരുന്നു.
നിലവിലെ ജേതാക്കളായ അത് ലറ്റികോ മഡ്രിഡിനെ 4-2ന് കീഴടക്കിയ ബാഴ്സ പോയന്റ് പട്ടികയിലും അവരെ മറികടന്നു. 22 മത്സരങ്ങളിൽ ബാഴ്സക്ക് 38ഉം അത് ലറ്റികോക്ക് 36ഉം പോയന്റാണുള്ളത്. ജോർഡി ആൽബ, ഗാവി, റൊണാൾഡ് അറൗഹോ, ഡാനിൽ ആൽവസ് എന്നിവരാണ് ബാഴ്സയുടെ സ്കോറർമാർ. ആൽവസ് പിന്നീട് ചുവപ്പുകാർഡ് കണ്ട് മടങ്ങുകയും ചെയ്തു. യാനിക് കരാസ്കോസയും മുൻ ബാഴ്സ താരം ലൂയി സുവാരസുമാണ് അത് ലറ്റികോയുടെ ഗോളുകൾ നേടിയത്.
യുവന്റസിന് പുതുജീവൻ
റോം: പുതുതായി ടീമിലെത്തിച്ച രണ്ടു താരങ്ങളും ആദ്യ കളിയിൽ സ്കോർ ചെയ്തപ്പോൾ ഇറ്റാലിയൻ സീരി എയിൽ യുവന്റസിന് ജയം. വെറോനയെ 2-0ത്തിന് കീഴടക്കിയ കളിയിൽ ഡുസാൻ വ്ലാഹോവിച്ചും ഡെന്നിസ് സക്കറിയയുമാണ് സ്കോർ ചെയ്തത്. നാപോളി 2-0ത്തിന് വെനേസിയയെയും സാംപ്ദോറിയ 4-0ത്തിന് സസൗളോയെയും ഉദിനീസ് 2-0ത്തിന് ടൊറീനോയെയും ലാസിയോ 3-0ത്തിന് ഫിയറന്റീനയെയും കാഗ്ലിയാരി 2-1ന് അത് ലാന്റയെയും തോൽപിച്ചു. ഇന്റർ മിലാനാണ് (53) മുന്നിൽ. നാപോളിയും എ.സി മിലാനും (52 വീതം) തൊട്ടുപിറകിലുണ്ട്. യുവന്റസാണ് (45) നാലാമത്.
ഫൈവ് സ്റ്റാർ പി.എസ്.ജി
പാരിസ്: ഫ്രഞ്ച് ലീഗ് വണിൽ തകർപ്പൻ ജയവുമായി പി.എസ്.ജി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ലില്ലെയെ 5-1നാണ് പി.എസ്.ജി മുക്കിയത്. ഡാനിലോ പെരേര രണ്ടു ഗോൾ നേടിയപ്പോൾ പ്രസ്നൽ കിംപെംബെ, ലയണൽ മെസ്സി, കിലിയൻ എംബാപെ എന്നിവരും സ്കോർ ചെയ്തു. 23 കളികളിൽ 56 പോയന്റുമായി ബഹുദൂരം മുന്നിലാണ് പി.എസ്.ജി. ഒളിമ്പിക് മാഴ്സെ (43) ആണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.