മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയെ 3-1ന് കീഴടക്കി എൽക്ലാസികോയിൽ റയലിന്റെ തേരോട്ടം. കരിം ബെൻസേമയും (12ാം മിനിറ്റ്), ഫെഡ്രികോ വൽവർദെയും (35), റോഡ്രിഗ്വോയും (92) ആണ് ബാഴ്സക്കു മേൽ പ്രഹരമേൽപിച്ചത്. ഫെറാൻ ടോറസ് ബാഴ്സലോണയുടെ ആശ്വാസഗോൾ നേടി.
സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ തുടക്കം മുതൽ ആക്രമിച്ചുകളിച്ച റയലിനുവേണ്ടി ബെൻസേമ റീബൗണ്ട് ചെയ്ത പന്തിൽനിന്നാണ് ഗോളടിച്ചത്. വിനീഷ്യസിന്റെ ഷോട്ട് ബാഴ്സ ഗോളി മാർക്ക് സ്റ്റീഗൻ രക്ഷപ്പെടുത്തിയെങ്കിലും തക്കംപാർത്തുനിന്ന ബെൻസേമ ക്ലോസ്റേഞ്ചിലൂടെ പന്ത് വലയിലെത്തിച്ചു. ലെവൻഡോവ്സ്കിയും റഫീന്യോയുമടങ്ങിയ ബാഴ്സലോണയെ റയൽ ഭംഗിയായി പ്രതിരോധിച്ചു. വിനീഷ്യസും മെൻഡിയും ചേർന്ന് എത്തിച്ച പന്തായിരുന്നു വൽവർദെയുടെ ഗോളിലേക്കുള്ള വഴി. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ച ബാഴ്സലോണ 83ാം മിനിറ്റിൽ വലകുലുക്കി. ലെവൻഡോവ്സ്കിയുടെ പാസിൽനിന്നായിരുന്നു ടോറസിന്റെ ഗോൾ. സെക്കൻഡുകൾ ബാക്കിനിൽക്കെ 'വാർ' പരിശോധനയിലൂടെ കിട്ടിയ പെനാൽറ്റിയിലാണ് റയൽ 3-1ന്റെ വിജയത്തിലെത്തിയത്. 25 പോയന്റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സക്ക് 22ഉം അത്‍ലറ്റികോ മഡ്രിഡിന് 19ഉം പോയന്റുണ്ട്.
മറ്റ് മത്സരങ്ങളിൽ അത്‍ലറ്റികോ മഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് അത്‍ലറ്റിക് ബിൽബാവോയെ തോൽപിച്ചു. 47ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാനാണ് ഗോൾ നേടിയത്. പോയന്റ് പട്ടികയിൽ ബാഴ്സക്കും റയലിനും പിറകിൽ അത്‍ലറ്റികോ മഡ്രിഡ് മൂന്നാം സ്ഥാനത്താണ്. സെവിയ്യ 1-0ന് മയോർക്കയെയും തോൽപിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി 2-0ത്തിന് ആസ്റ്റൺ വില്ലയെയും ആഴ്സനൽ 1-0ത്തിന് ലീഡ്സ് യുനൈറ്റഡിനെയും തോൽപിച്ചു. മാസൻ മൗണ്ടാണ് ചെൽസിയുടെ ഇരട്ടഗോളിനുടമ. മാഞ്ചസ്റ്റർ യുനൈറ്റഡും ന്യൂകാസിലും സമനിലയിൽ പിരിഞ്ഞു. ടോട്ടൻഹാം 2-0ന് എവർട്ടനെ കീഴടക്കി. ഹാരി കെയ്നും പിയറി എമിലി ഹോയ്ബെർഗുമാണ് വലകുലുക്കിയത്. ഇറ്റാലിയൻ സിരീ എയിൽ ഇന്റമിലാൻ സാലർനിത്താനയെയും (2-0) യുവന്റസ് ടോറിനോയെയും (1-0) പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.