റെക്കോഡുകൾ ക്രിസ്റ്റ്യാനോക്ക് പിറകെ; ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമായി റൊണാൾഡോ

ലിസ്ബൻ: ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് ഇനി പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തം. 196 മത്സരങ്ങളുമായി കുവൈത്തിന്റെ ബദർ അൽ മുതവ്വക്കൊപ്പമായിരുന്ന ക്രിസ്റ്റ്യാനോ വ്യാഴാഴ്ച യൂറോ യോഗ്യത റൗണ്ടിൽ ലിച്ചെൻസ്റ്റീനെതിരെ ബൂട്ടണിഞ്ഞതോടെ റെക്കോഡിന് ഏക അവകാശിയായി.

പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ പോർച്ചുഗൽ യൂറോ യോഗ്യത മത്സരത്തിൽ ലിച്ചൻസ്റ്റീനെ എതിരില്ലാത്ത നാല് ഗോളിന് തരിപ്പണമാക്കിയപ്പോൾ രണ്ട് ഗോൾ 38കാരന്റെ വകയായിരുന്നു. ഇതോടെ രാജ്യത്തിനായി 120 ഗോളുകളെന്ന നേട്ടവും റൊണാൾഡോയെ തേടിയെത്തി. സൗഹൃദ മത്സരങ്ങളിൽ ഒഴികെ 100 ഗോൾ നേടുന്ന ആദ്യ പുരുഷ താരമായും ക്രിസ്റ്റ്യാനോ മാറി. ‘​റെക്കോഡുകളാണ് എന്റെ ​പ്രചോദനം. എനിക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാകണം’, മത്സരത്തിന് മുമ്പ് താരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

2003 ആഗസ്റ്റ് 20നാണ് ക്രിസ്റ്റ്യാനോ പോർചുഗലിനായി അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഗോൾ നേടി അഞ്ച് ലോകകപ്പിൽ ഗോളടിച്ച ഏക താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ ഡിസംബർ 10നാണ് 196ാം മത്സരം കളിച്ച് റെക്കോഡിനൊപ്പമെത്തിയത്. ബദർ അൽ മുതവ്വ കഴിഞ്ഞവർഷം ജൂൺ 14നാണ് അവസാന മത്സരം കളിച്ചത്.

ലിച്ചൻസ്റ്റീനിനെതിരായ മത്സരത്തിൽ ജോവോ കാൻസലോയിലൂടെയാണ് പോർച്ചുഗൽ ലീഡെടുത്തത്. 47ാം മിനിറ്റിൽ ബെർണാഡോ സിൽവ അത് ഇരട്ടിയാക്കി. തുടർന്നായിരുന്നു റൊണാൾഡോയുടെ ഊഴം. 51ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച താരം 63ാം മിനിറ്റിൽ പട്ടിക തികച്ചു.

Tags:    
News Summary - Records behind Cristiano Ronaldo; He became the player who played the most international matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.