റിയാദ്: സൗദി ഫുട്ബാൾ ചരിത്രത്തിലെ ആവേശകരായ മത്സരത്തിനാണ് റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയം വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത്. നിരവധി മത്സരങ്ങൾ നടക്കാറുള്ള സ്റ്റേഡിയത്തിൽ ലോകത്തെ മിന്നുംതാരങ്ങളായ ഒന്നാം നിര ഫുട്ബാൾ കളിക്കാരെ അണിനിരത്തിയുള്ള മത്സരം ആദ്യമായിട്ടായിരുന്നു. റിയാദ് സീസൺ കപ്പ് മത്സരത്തെ സൗദി ഫുട്ബാൾ ചരിത്രത്തിലെ അപൂർവ മത്സരങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും നെയ്മറും ഒരുമിച്ച് കളത്തിലിറങ്ങിയ അത്യപൂർവ അനുഭവമായിരുന്നു അത്. നക്ഷത്രങ്ങൾ ഒരുമിച്ച് ഭൂമിയിലിറങ്ങിയതുപോലെ കിങ് ഫഹദ് സ്റ്റേഡിയം ജ്വലിച്ചു.
ഐതിഹാസികമയ മത്സരം കാണാൻ രാജ്യത്തിനകത്തും പുറത്തും നിന്നും ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് റിയാദിലെത്തിയത്. ഇരു ടീമുകളെയും പിന്തുണക്കുന്ന ആരാധകരാൽ ഗാലറികൾ നിറഞ്ഞുകവിഞ്ഞു.
പ്രമുഖ ചാനലുകളായ എം.ബി.സി, ബി.എൻ സ്പോർട്സ് അടക്കം 20 ഓളം ചാനലുകൾ മത്സരം തത്സമയം ലോകമൊമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്ക് എത്തിക്കുകയും ചെയ്തു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് വിൽപന തന്നെ റെക്കോർഡും അപൂർവ ചരിത്രവും സൃഷ്ടിച്ചിരുന്നു. 10 ദിവസം മുമ്പേ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി.
ഓൺലൈനിൽ വിൽപന ആരംഭിച്ച് മിനുറ്റുകൾകം വിറ്റുപോവുകയായിരുന്നു. സവിശേഷ ആനുകൂല്യങ്ങളുള്ള ‘സങ്കൽപത്തിനപ്പുറം’ എന്ന പേരിലെ ഒറ്റ ‘ഗോൾഡൻ ടിക്കറ്റ്’ ആകട്ടെ ആഗോള ലേലത്തിൽ വെച്ച് ഒരു കോടി റിയാലിന് വിറ്റതും അപൂർവ ചരിത്രമായി. ലോക ഫുട്ബാൾ ചരിത്രത്തിൽ ഇത്രയും വലിയ വിലക്ക് ഗോൾഡൻ ടിക്കറ്റ് വിൽക്കുന്നത് ആദ്യമാണ്. അൽ നസ്ർ ക്ലബ്ബിൽ ചേർന്നതിന് ശേഷം റൊണാൾഡോയുടെ അരങ്ങേറ്റ മത്സരത്തിന് കൂടിയാണ് റിയാദ് നഗരം വ്യാഴാഴ്ച സാക്ഷിയായത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കെതിരെ അൽ നസ്ർ, അൽ ഹിലാൽ ക്ലബുകൾ ചേർന്നുള്ള സൗദി ആൾസ്റ്റാർ ടീമാണ് റൊണാൾഡോയുടെ നായകത്വത്തിൽ കളത്തിലിറങ്ങിയത്.
ഗാലറിയിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ഫുട്ബാൾ ആരാധകരുടെ ആവേശത്തിന്റെ ആർത്തിരമ്പലുകൾക്കിടയിലാണ് ലയണൽ മെസ്സി നായക്വതം വഹിച്ച പി.എസ്.ജി ടീമുമായി വാശിയേറിയ ഏറ്റുമുട്ടൽ നടന്നത്. ആവേശകരമായ മത്സരത്തിനൊടുവിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പി.എസ്.ജി റിയാദ് സീസൺ കപ്പ് സ്വന്തമാക്കി. ‘മാൻ ഓഫ് ദ മാച്ച്’ പട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത് അൽ നസ്ർ ക്ലബിന് അഭിമാനവുമായി.
ഖത്തറിലെ അവസാനഘട്ട പരിശീലനം കഴിഞ്ഞാണ് പി.എസ്.ജി താര സംഘം വ്യാഴാഴ്ച രാവിലെ റിയാദിലെത്തിയത്. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് വിമാനത്താവളത്തിലെത്തിയാണ് ടീമിനെ വരവേറ്റത്. ഫ്രഞ്ച് അംബാസഡർ, പി.എസ്.ജി ടീം പ്രസിഡൻറ് നാസർ അൽഖുലൈഫി, അൽ ഹിലാൽ, അൽ നസ്ർ ക്ലബ്ബുകളുടെ പ്രസിഡൻറുമാരായ ഫഹദ് ബിൻ നാഫിൽ, മസ്ലി അൽ മുഅമർ, ഗോൾഡൻ ടിക്കറ്റ് ലേലത്തിൽ പിടിച്ച സൗദി വ്യവസായി മുഷറഫ് അൽഗാംദി എന്നിവരും ടീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കളിക്കാരെ ഹസ്തദാനം ചെയ്തു.
ലോകമെമ്പാടും ശ്രദ്ധയാകർഷിച്ച ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസണിെൻറ ഭാഗമായാണ് മത്സരം നടന്നത്. സീസൺ ആഘോഷങ്ങളിലെ പ്രധാന കായികയിനങ്ങളിൽ ഒന്നാണ് റിയാദ് സീസൺ കപ്പ്. നിറഞ്ഞുകവിഞ്ഞ് ആഘോഷ വർണങ്ങളിൽ മുങ്ങിയ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയം, 3. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് മാൻ ഒാഫ് ദി മാച്ച് പുരസ്കാരം റൊണാൾഡോക്ക് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.