മ്യൂണിക്: 'ഇൻസൾട്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്' എന്ന് തെളിയിക്കുകയാണ് ജർമൻ ഫുട്ബാൾ താരം റോബിൻ ഗോസൻസ്. ഈ യൂറോ കപ്പിൽ പോർച്ചുഗൽ-ജർമനി മത്സരത്തിൽ ആ ഇൻസൾട്ടിന്‍റെ മധുര പ്രതികാരം ഗോസൻസ് നിർവഹിക്കുകയും ചെയ്തു. പ്രതികാരം ആരോടാണെന്നല്ലേ- സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോട്.
കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ കപ്പിൽ യുവെന്‍റസും അറ്റലാന്‍റയും തമ്മിൽ നടന്ന മത്സരത്തിലാണ് ഗോസൻസിന്‍റെ പ്രതികാരത്തിലേക്ക് നയിച്ച സംഭവം അരങ്ങേറിയത്. യുവെന്‍റസിന്‍റെ മിന്നും താരമായി റൊണാൾഡോയും അറ്റലാന്‍റയുടെ വിങ് ബാക്കായി ഗോസൻസും അന്ന് കളത്തിലിറങ്ങിയിരുന്നു. മത്സരശേഷം റൊണാൾഡോയോട് ഗോസൻസ് ജഴസി ഊരിത്തരുമോയെന്ന് ചോദിച്ചു. എന്നാൽ, ഇത് നിരസിച്ച് റൊണാൾഡോ 'നോ' പറഞ്ഞ് നടന്നുപോയി.
ഈ സംഭവം ഗോസൻസ് തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. 'ഞാൻ ചോദിച്ചു- റൊണാൾഡോ, നിങ്ങളുടെ ജഴ്സി എനിക്ക് തരാമോ? എന്നെ നോക്കുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു-നോ. ആ സംഭവം എനിക്ക് കനത്ത നാണക്കേടുണ്ടാക്കി. അപമാനിതനായാണ് അന്ന് ഞാൻ മടങ്ങിയത്. ഞാൻ വളരെ ചെറുതായതുപോലെ തോന്നി.' – ഗോസൻസ് ആത്മകഥയിൽ കുറിച്ചു.
അന്നത്തെ അപമാനത്തിന്‍റെ ഭാരമാണ് ഇത്തവണ റൊണാൾഡോ നയിച്ച ടീമിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ഗോസൻസ് ഇറക്കിവച്ചതെന്ന് ഫുട്ബാൾ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പോർച്ചുഗൽ– ജർമനി മത്സരത്തിൽ ഗോസൻസ് ആയിരുന്നു 'മാൻ ഓഫ് ദി മാച്ച്'. ജർമനിയുടെ മൂന്നാം ഗോളിനു വഴിയൊരുക്കിയും നാലാം ഗോൾ നേടിയും കളം നിറഞ്ഞുനിന്നാണ് ഗോസൻസ് കളിയിലെ താരമായത്.
മത്സരശേഷം റൊണാൾഡോയോട് ജഴ്സി ചോദിക്കാൻ ഗോസൻസ് മിനക്കെട്ടതുമില്ല. 'ഇന്ന് മത്സരം കഴിഞ്ഞ് ജഴ്സി ചോദിച്ച് ഞാൻ റൊണാൾഡോയുടെ അടുത്തു പോയില്ല. എനിക്ക് ഈ വിജയം മതിയാകുവോളം ആസ്വദിക്കണമായിരുന്നു. ജഴ്സിക്കായി ഞാൻ ശ്രമിക്കുന്നില്ല'– ഗോസൻസ് പറഞ്ഞു.
അതേസമയം, ഗോസൻസിന് റൊണാൾഡോയുടെ ജഴ്സി കിട്ടിയ സംഭവവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗോസൻസിന് റൊണാൾഡോ ജഴ്സി നിഷേധിച്ച സംഭവം അറിഞ്ഞ അറ്റലാന്‍റയിലെ സഹതാരം ഹൻസ് ഹാറ്റെബൂർ ആണ് ഡ്രസിങ് മുറിയിൽ അപ്രതീക്ഷിത സമ്മാനമായി ഇത് എത്തിച്ചത്. റൊണാൾഡോയുടെ പേരെഴുതിയ യുവെന്റസ് ജഴ്സിയാണ് ഹാറ്റെബൂർ ഗോസൻസിന് സമ്മാനിച്ചത്. അതുവാങ്ങി ഗോസൻസ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.