മ്യൂണിക്: യൂറോ കപ്പ് പ്രീക്വാർട്ടറിൽ നെതർലൻഡ്സിന് ഇന്ന് റുമേനിയൻ വെല്ലുവിളി. കഷ്ടിച്ച് ഗ്രൂപ് ഘട്ടം കടന്നെത്തിയ നെതർലൻഡ്സിന് ഗ്രൂപ് ചാമ്പ്യന്മാരായെത്തിയവരുമായാണ് ചൊവ്വാഴ്ചത്തെ മത്സരം. എന്നിട്ടും, പ്രവചനങ്ങളിൽ ഡച്ചുപട തന്നെ ഒരു പണത്തൂക്കം മുന്നിൽ. ആദ്യ മത്സരം യുക്രെയ്നെതിരെ 3-0ത്തിന് ജയിച്ചാണ് ഇത്തവണ യൂറോയിൽ റുമേനിയ തുടങ്ങിയത്.
പിന്നീടൊന്നും ശരിയാകാത്തവർ ബെൽജിയത്തിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽക്കുകയും സ്ലോവാക്യയുമായി 1-1ന് സമനില പാലിക്കുകയും ചെയ്തു. നാലു ടീമും തുല്യമായി നാലു പോയന്റ് പങ്കിടുകയെന്ന ചാമ്പ്യൻഷിപ് ചരിത്രം കുറിച്ചാണ് ഒടുവിൽ യുക്രെയ്ൻ ഒഴികെ ഗ്രൂപ്പിലെ മൂന്നുപേർ നോക്കൗട്ടിലെത്തിയത്.
മറുവശത്ത്, പോളണ്ടിനെതിരെ 2-1ന് ജയിച്ചായിരുന്നു നെതർലൻഡ്സ് തുടക്കം. കരുത്തരായ ഫ്രാൻസിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങിയവർ അവസാന മത്സരത്തിൽ ഓസ്ട്രിയക്ക് മുന്നിൽ 2-3ന് മുട്ടുമടക്കി.
ഓസ്ട്രിയ ഗ്രൂപ്പിൽ ഒന്നാമന്മാരായപ്പോൾ ഫ്രാൻസ് രണ്ടാമന്മാരായും ഡച്ചുകാർ മികച്ച മൂന്നാമന്മാരായും കടന്നുകൂടി. നോക്കൗട്ട് ജയിക്കുന്നവർക്ക് അടുത്ത ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ ഓസ്ട്രിയ-തുർക്കി മത്സര ജേതാക്കളുമായാകും കളി. ഓസ്ട്രിയതന്നെ ആയാൽ ചാമ്പ്യൻഷിപ്പിൽ മധുരപ്രതികാരത്തിന് അവസരം കൂടിയാകും.
റുമേനിയക്ക് ഇത് രണ്ടാം തവണയാണ് യൂറോ നോക്കൗട്ട്. 2000ത്തിൽ അവർ ക്വാർട്ടർ വരെയെത്തിയിരുന്നു. നെതർലൻഡ്സ് ആകട്ടെ, 1988ൽ കപ്പുയർത്തിയവരാണ്. ചൊവ്വാഴ്ച മറ്റൊരു പ്രീക്വാർട്ടറിൽ ഓസ്ട്രിയക്ക് കറുത്ത കുതിരകളായ തുർക്കിയയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.