ജിദ്ദ: ഭൂകമ്പം അനാഥനാക്കിയ സിറിയൻ ബാലൻ ദുഃഖം മറക്കാൻ ഇഷ്ട ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ കൊതിച്ചു. മാധ്യമവാർത്തകളിൽനിന്ന് ഇക്കാര്യമറിഞ്ഞ സൗദി അധികൃതർ ആഗ്രഹസാഫല്യത്തിന് വഴിയൊരുക്കി. തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ പിതാവ് നഷ്ടപ്പെട്ട റബീഅ് ശാഹീൻ എന്ന സിറിയൻ ബാലനാണ് സൗദിയിലെത്തി ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട് കാണാൻ അവസരം ലഭിച്ചത്.
പിതാവ് നഷ്ടപ്പെട്ട ദുഃഖം അടക്കിപ്പിടച്ച് കഴിയുന്നതിനിടയിലാണ് റൊണാൾഡോയെ കാണാനുള്ള ആഗ്രഹം ഒരു മാധ്യമ പ്രവർത്തകനോട് റബീഅ് പ്രകടിപ്പിച്ചത്. ആ ആഗ്രഹം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട സൗദി പൊതുവിനോദ അതോറിറ്റി ചെയർമാൻ അമീർ തുർക്കി ആലുശൈഖാണ് സിറിയൻ ബാലനെ അൽനസ്ർ ക്ലബിലെത്തിച്ച് പ്രിയപ്പെട്ട കളിക്കാരനായ റൊണാൾഡോയെ നേരിട്ട് കാണാൻ അവസരമൊരുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റബീഅ് മാതാവിനോടൊപ്പം സൗദിയിലെത്തിയത്. സൗദി പ്രീമിയർ ലീഗിലെ അൽനസ്റും അൽബാത്വിനും തമ്മിലുള്ള മത്സരത്തിന് മുമ്പാണ് റബീഅ് തന്റെ ഇഷ്ടതാരം റൊണാൾഡോയെ കണ്ടു. അൽനസ്ർ ക്ലബിൽ വെച്ച് റബീഅ്നെ ക്രിസ്റ്റ്യാനോ സ്വീകരിച്ചു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെയാണ് റബീഅ് അൽനസ്ർ ക്ലബിലെത്തിയത്. പ്രിയതാരം ക്രിസ്റ്റ്യാനോയെ കണ്ട് മുന്നിലേക്ക് അവൻ ഓടിയെത്തി. പ്രിയപ്പെട്ട താരത്തെ കണ്ടുമുട്ടിയതിൽ റബീഅ് തന്റെ വലിയ സ്‌നേഹവും സന്തോഷവും പ്രകടിപ്പിച്ചു. ക്രിസ്റ്റ്യാനോ അവനെ ആലിംഗനം ചെയ്തു. എന്റെ സ്വപ്നം സാക്ഷാത്കരിച്ചിക്കുന്നുവെന്ന് റൊണാൾഡോയെ കണ്ട ശേഷം റബീഅ് പറഞ്ഞു.
യു.എ.ഇ മാധ്യമപ്രവർത്തകനായി മുൻദിർ അൽമസ്കി ചിത്രീകരിച്ച വീഡിയോയിലൂടെയാണ് റൊണാൾഡോയെ കാണാനുള്ള റബീഅയുടെ ആഗ്രഹം ലോകം അറിയിയുന്നത്. സിറിയയിലും തുർക്കിയയിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് യു.എ.ഇ ദുരിതാശ്വാസ കാമ്പയിനിന്റെ ഭാഗമായാണ് മുൻദിർ അൽമസ്കി സിറിയയിലെത്തിയത്. ഇതിനിടയിലാണ് റബീഅയുമായുള്ള വീഡിയോ പകർത്തിയത്. ആ സമയത്ത് സൗദി അറേബ്യ സന്ദർശിക്കാനും തന്റെ പ്രിയപ്പെട്ട കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാനുമുള്ള ആഗ്രഹം റബീഅ് പ്രകടിപ്പിച്ചു.
അവൻ പറഞ്ഞു: ‘എനിക്ക് സ്റ്റേഡിയത്തിൽ പോകണം. എന്റെ മാതാവിനെയും പിതാവിനെയും കൂടെ കൊണ്ടുപോകണം. പക്ഷേ എന്റെ പിതാവ് മരിച്ചു. എനിക്ക് ക്രിസ്റ്റ്യാനോയെ കാണണം.’ റബീഅ്ന്റെ ആ വാക്കുകളുടെ ക്ലിപ്പ് ‘എന്റെ പിതാവ് മരിച്ചു, പക്ഷേ...’ എന്ന തലക്കെട്ടിലാണ് അൽമസ്കി പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ അത് അതിവേഗം പ്രചരിച്ചു. തന്റെ ആഗ്രഹം സഫലമാക്കാൻ കഴിയുന്നവരുടെ ദൃഷ്ടിയിലത് പതിയാൻ അധിക സമയം വേണ്ടി വന്നില്ല. വീഡിയോ കണ്ട പൊതുവിനോദ അതോറിറ്റി ചെയർമാൻ സിറിയൻ ബാലന്റെ സ്വപ്നം ഏറ്റെടുക്കുന്നുവെന്നും അത് ഉടൻ സാക്ഷാത്കരിക്കുമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.