വാഴ്സോ (പോളണ്ട്): യുവേഫ നാഷൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് പോർചുഗൽ. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പോളണ്ടിനെ കീഴടക്കിയത്.
പോളണ്ട് നാഷണൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 26 ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് പോർച്ചുഗലിനെ മുന്നിലെത്തിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ ഹെഡഡ് അസിസ്റ്റിൽ നിന്നാണ് സിൽവ വലകുലുക്കുന്നത്.
37 ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർചുഗൽ ലീഡ് ഇരട്ടിയാക്കി. ബോക്സിന്റെ ഇടത് വിങ്ങിൽ നിന്നും റാഫേൽ ലിയോയുടെ ഗോളൊന്നുറച്ച ഷോട്ട് പോസ്റ്റിൽ തട്ടി നേരെ ചെന്നെത് ക്രിസ്റ്റ്യാനോയുടെ കാലുകളിലേക്ക്. നിമിഷയിടംകൊണ്ട് വലയിലാക്കി സൂപ്പർതാരം തന്റെ ആകെ ഗോൾ നേട്ടം 906ലെത്തിച്ചു. ദേശീയ ടീമിനായി നേടുന്ന 133ാമത്തെ ഗോളായിരുന്നു. നാഷൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിലും സൂപ്പർതാരം ഗോൾ നേടിയിരുന്നു.
റോബർട്ട് ലെവൻഡോവ്സ്കി നയിച്ച പോളണ്ടിന്റെ മൂന്നേറ്റനിരയുടെ മറുപടി ഗോളിനായുള്ള പ്രയത്നം ആദ്യ പകുതിയിൽ ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ 78ാം മിനിറ്റിൽ മറുപടി ഗോൾനേടി പിയോട്ടർ സീലിൻസ്‌കിയാണ് പോളണ്ടിന്റെ ഭാരം കുറച്ചത്. എന്നാൽ, 88ാം മിനിറ്റിൽ പോളണ്ട് പ്രതിരോധ താരം ജാൻ ബെഡ്‌നാർക്കിന്റെ സെൽഫ് ഗോളിലൂടെ പോർചുഗൽ ലീഡ് വർധിപ്പിച്ചു (3-1).
യുവേഫ നാഷൻസ് ലീഗിൽ കളിച്ച മൂന്ന് കളിയിലും ജയിച്ച പോർചുഗൾ ഒമ്പത് പോയിന്റുമായി ലീഗ് എ ഗ്രൂപ്പ് 1 പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നേരത്തെ 2-1 ന് സ്കോട്ട്ലാൻഡിനെയും 2-1 ന് ക്രൊയേഷ്യയേയും തോൽപ്പിച്ചിരുന്നു.
മറ്റൊരു മത്സരത്തിൽ സ്പെയിൻ ഒരുഗോളിന് ഡെൻമാർക്കിനേയും സെർബിയ എതിരില്ലാത്ത രണ്ടുഗോളിന് സ്വിറ്റ്സർലാൻഡിനെയും തോൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.