ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബാള്‍ ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ഇന്ത്യയും കുവൈത്തും ഓരോ ഗോളുകളുമായി ഒപ്പത്തിനൊപ്പം. കുവൈത്തിനായി മുന്നേറ്റതാരം ഷബീബ് അല്‍ ഖാല്‍ദിയും ആതിഥേയർക്കായി ലാലിയന്‍സുവാല ചങ്‌തെയുമാണ് ഗോൾ നേടിയത്.
കുവൈത്താണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. 15ാം മിനിറ്റിലാണ് ഗാലറിയെ ഞെട്ടിച്ച് ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെ ഷബീബ് കുവൈത്തിനെ മുന്നിലെത്തിച്ചു. ഇന്ത്യന്‍ പ്രതിരോധ താരങ്ങളെ അനായാസം മറികടന്ന് വലതുവിങ്ങിലൂടെ കുതിച്ച അല്‍ ബുലൗഷിയുടെ മനോഹരമായൊരു പാസ്സ് ബോക്സിനകത്തേക്ക്. പന്ത് സ്വീകരിച്ച ഷബീബ് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.
തൊട്ടുപിന്നാലെ ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. 34ാം മിനിറ്റില്‍ പ്രതിരോധതാരം അന്‍വര്‍ അലി പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. മെഹ്താബ് സിങ്ങാണ് പകരം കളത്തിലെത്തിയത്. 39ാം മിനിറ്റിൽ ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഫലംകണ്ടു. ചങ്‌തെയുടെ ഗോളിലൂടെ ഇന്ത്യ മത്സരത്തിൽ ഒപ്പമെത്തി. മലയാളി താരം സഹല്‍ അബ്ദുസമദിന്‍റെ മനോഹരമായ പാസ് ചങ്‌തെ അനായാസം വലയിലാക്കുകയായിരുന്നു.
ഇരുടീമുകളും ലീഡ് ഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ മത്സരം ആദ്യ പകുതിക്കായി പിരിഞ്ഞു. ഒമ്പതാം സാഫ് കപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും കുവൈത്തും ഏറ്റുമുട്ടിയപ്പോള്‍ സമനിലയിൽ പിരിയുകയായിരുന്നു. സാഫ് കപ്പില്‍ ഇന്ത്യയുടെ 13ാം ഫൈനലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.