സഹലും രാഹുലും പ്ലെയിങ് ഇലവനിൽ; ബ്ലാസ്റ്റേഴ്സ് ടീം ഇങ്ങനെ...

കൊച്ചി: ഐ.എസ്.എല്ലിൽ എഫ്.സി ഗോവക്കെതിരായ മത്സരത്തിൽ മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും കെ.പി. രാഹുലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലെയിങ് ഇലവനിൽ. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിലെ പ്രതിരോധ, മുന്നേറ്റ താരങ്ങളെ പരിശീലകൻ ഇവാൻ വുകമനോവിച്ച് അതുപോലെ നിലനിർത്തി.

മധ്യനിരയിൽ മാത്രമാണ് മാറ്റം വരുത്തിയത്. സൗരവ് മണ്ഡലിനു പകരം സഹൽ അബ്ദുസ്സമദ് ഇടംനേടി. കഴിഞ്ഞ മത്സരത്തിലെ താരത്തിന്‍റെ ഇരട്ടഗോൾ പ്രകടനമാണ് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കുന്തമുനയായിരുന്ന സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് ഗോവയുടെ പ്ലെയിങ് ഇലവനിൽ കളിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

സീസണിലെ നാലാമത്തെ ഹോം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു ഹോം മത്സരങ്ങളിലും തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സിന്, സ്വന്തം ആരാധകർക്ക് മുന്നിൽ ശക്തി തെളിയിക്കാനും ലീഗിൽ മുന്നേറാനും ഇന്ന് വിജയം അനിവാര്യമാണ്. തുടർതോൽവികളിൽനിന്ന് വിജയ വഴിയിലേക്ക് തിരിച്ചെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട സ്വന്തം ആരാധകർക്കു മുന്നിൽ പന്തുതട്ടാനിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. സീസണിൽ ഗംഭീര തുടക്കം കിട്ടിയതിന്‍റെ കരുത്തിലാണ് ഗോവ കളത്തിലിറങ്ങുന്നത്. കളിച്ച നാലു കളികളിൽ മൂന്നിലും ജയിച്ച് പോയന്റ് പട്ടികയിൽ നാലം സ്ഥാനത്താണ് ടീം. നിലവിൽ അഞ്ചു മത്സരങ്ങളിൽനിന്നായി രണ്ടു ജയവും മൂന്നു തോൽവിയുമായി ആറു പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. ഹോം മത്സരം വിജയിച്ച് വിലപ്പെട്ട മൂന്നു പോയന്‍റ് സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും ഗ്രൗണ്ടിലെത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് ടീം -ഗോള്‍കീപ്പര്‍: പ്രഭ്‌സുഖന്‍ ഗില്‍. പ്രതിരോധനിര: മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, നിഷു കുമാര്‍. മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുഷ്നി, സഹൽ അബ്ദുസ്സമദ്, അഡ്രിയാന്‍ ലൂന. മുന്നേറ്റ നിര: ദിമിത്രിയോസ് ഡയമന്റകോസ്, കെ.പി. രാഹുല്‍.

എഫ്.സി ഗോവ ടീം -ഗോൾകീപ്പർ: ധീരജ് സിങ്. ഡിഫൻഡർമാർ: അൻവർ അലി, സെറിട്ടൺ ഫെർണാണ്ടസ്, സേവിയർ ഗാമ, ഐബൻഭ ഡോഹ്ലിങ്. മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, ആയുഷ് ഛേത്രി, നോഹ സദാവോയി, എഡു ബെഡിയ. ഫോർവേഡുകൾ: ഐക്കർ ഗുരോത്‌ക്‌സേന, അൽവാരോ വാസ്‌ക്വസ്.

Tags:    
News Summary - Sahal and Rahul in the playing eleven; Blasters team announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.