സഹൽ അബ്​ദുൽ സമദ്​, രാഹുൽ കെ.പി

'നല്ല സഹോദരൻ, നല്ല ടീം മേറ്റ്​, നല്ല വ്യക്​തി, നല്ല സുഹൃത്ത്​..എനിക്ക്​ ഇതെല്ലാമാണ്​ സഹൽ'; മനസ്സുതുറന്ന്​ രാഹു​ൽ

കോ​ഴിക്കോട്​: പിറന്ന നാടിന്‍റെ ടീം, മഞ്ഞയിൽ മുങ്ങിയ സ്​റ്റേഡിയം, ആരവങ്ങളിൽ മുങ്ങി ആവേശംപകരുന്ന ആരാധകർ, ചെറുപ്പം മുതലേ മനസ്സിൽ കുടിയേറിയ ക്ലബ്​...കേരള ബ്ലാസ്​റ്റേഴ്​സുമായി ദീർഘകാലത്തേക്ക്​ കരാറിൽ ഒപ്പിടാൻ പ്രേരിപ്പിച്ചതിനുപിന്നിൽ ഒരുപാട്​ ഘടകങ്ങളുണ്ടെന്ന്​ പുത്തൻ താരോദയം രാഹുൽ കെ.പി. അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷന്‍റെ ഔദ്യോഗിക യൂട്യൂബ്​ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മുൻ ഇന്ത്യൻ അണ്ടർ 17 താരമായ രാഹുൽ മനസ്സ്​ തുറന്നത്​.

ബ്ലാസ്​റ്റേഴ്​സ്​ എനിക്ക്​ ആവേശമായിരുന്നു. കൊച്ചിയിലെ സ്​റ്റേഡിയത്തിൽ കളി കാണാൻ പലപ്പോഴും പോയിട്ടുണ്ട്​. ഇന്ത്യയിൽ ചേരണമെന്ന്​ കൊതിച്ച സ്വപ്​ന ടീം തന്നെയായിരുന്നു എനിക്ക്​ ബ്ലാസ്​റ്റേഴ്​സ്​. ടീമിനൊപ്പം ചേരാൻ ബ്ലാസ്​റ്റേഴ്​സ്​ എന്നെ സമീപിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ്​ ആ ക്ഷണം സ്വീകരിച്ചത്​. വൈകാരികമായി ഏറെ പ്രധാന​െപ്പട്ടതാണ്​ ബ്ലാസ്​റ്റേഴ്​സ്​. ടീമിനെ ഏറെ സ്​നേഹിക്കുന്ന ആരാധകരുടെ വിപുലമായ അടിത്തറ, ആരവങ്ങളിൽ മുങ്ങുന്ന സ്​റ്റേഡിയം..അവി​െട കളിക്കുകയെന്നത്​ വേറി​െട്ടാരു അനുഭവമായിരിക്കുമെന്ന തോന്നൽ നേരത്തേ മനസ്സിലുണ്ടായിരുന്നു. അഭിമുഖത്തിന്‍റെ പ്രസക്​ത ഭാഗങ്ങൾ...

ബ്ലാസ്​റ്റേഴ്​സുമായി ദീർഘകാല​ കരാർ ഒപ്പിടു​േമ്പാൾ മനസ്സിലുള്ളത്​?

ദീർഘകാലത്തേക്ക്​ ബ്ലാസ്​റ്റേഴ്​സുമായി കരാർ ഒപ്പിടുംമുമ്പ്​ ടീമിന്‍റെ സ്​​േപാർട്ടിങ്​ ഡയറക്​ടർ കരോലിസുമായി ഞാൻ സംസാരിച്ചിരുന്നു. ടീമിലെ യുവതാരങ്ങളെക്കുറിച്ച്​ അവർക്ക്​ കൃത്യമായ പദ്ധതിയുണ്ടെന്ന്​ എനിക്ക്​ മനസ്സിലായി. കരിയറിന്‍റെ തുടക്കത്തിൽ വളർന്നു വരാനും കാലുറപ്പിക്കാനും ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ്​ ബ്ലാസ്​റ്റേഴ്​സിലെന്ന്​ പുർണ ബോധ്യമുണ്ട്​. ഒന്നോ രണ്ടോ കൊല്ലം കൊണ്ട്​ എല്ലാം സംഭവിക്കുമെന്ന്​ ഞാൻ കരുതുന്നില്ല. മികവിന്‍റെ തുടർച്ചകളാണ്​ ഉന്നം. അതുകൊണ്ടാണ്​ മികച്ച കളിക്കാരനായി ബ്ലാസ്​റ്റേഴ്​സിലൂടെ വളർന്നുവരാൻ മോഹിക്കുന്നത്​.

കളിക്കാരനെന്ന നിലയിൽ കേരളത്തിലെ സാഹചര്യങ്ങൾ പ്രചോദനം പകർന്നില്ലേ?

ഫുട്​ബാളിന്​ ഏറെ വളക്കൂറുള്ള മണ്ണാണ്​ കേരളത്തിലേത്​. ഒരുപാട്​ മികച്ച താരങ്ങൾ പിറവിയെടുത്ത മണ്ണ്​. ഐ.എം. വിജയന്‍റെ നാട്ടിൽനിന്നാണ്​ ഞാൻ വരുന്നത്​. ഞാൻ മാത്രമല്ല, എന്‍റെ അച്​ഛനും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്‍റെ ആരാധകരാണ്​. എന്‍റെ വീട്ടിൽനിന്ന്​ പത്തുമിനിറ്റ്​ യാത്രയേയുള്ളൂ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക്​. കുഞ്ഞായിരിക്കു​േമ്പാൾ അദ്ദേഹത്തിന്‍റെ കളി കണ്ടതൊക്കെ എനിക്കോർമയുണ്ട്​. അദ്ദേഹത്തെ ഇ​േപ്പാൾ കാണു​േമ്പാഴും എനിക്ക്​ ഏറെ സന്തോഷമാണ്​. എനിക്ക്​ ഏറെ പ്രചോദനം പകരുന്ന കളിക്കാരനാണദ്ദേഹം. എന്‍റെ വീടുമായും അടുത്ത ബന്ധമാണ്​ അദ്ദേഹത്തിനുള്ളത്​.


എങ്ങനെയാണ്​ ഫുട്​ബാളി​െന്‍റ വഴിയിലെത്തിയത്​?

ചെറുപ്പത്തിൽ ഞാൻ പഠനത്തിൽ കേമ​നായിരുന്നില്ല. മറ്റു കാര്യങ്ങളിലും പിന്നിലായിരുന്നു. പക്ഷേ, ഫുട്​ബാൾ എന്‍റെ ആവേശമായിരുന്നു. പല പ്രതിസന്ധികളിലൂടെയുമാണ്​ ഞാൻ വളർന്നുവന്നത്​. എല്ലാറ്റിനെയും മറികടക്കാൻ എനിക്ക്​ മുന്നിലുള്ള വഴി ഫുട്​ബാളായിരുന്നു.


കരിയറിലെ വലിയ സ്വപ്​നങ്ങൾ?

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച കളിക്കാരനായി മാറണം എന്നതാണ്​ ആഗ്രഹം. ദേശീയ ജഴ്​സിയിൽ ലോകകപ്പ്​ ടീമിൽ കളിക്കണം. വിദേശ ക്ലബുകൾക്കുവേണ്ടി കളിക്കണമെന്നും അവിടെ മികവു കാട്ടണമെന്നുമാണ്​ എന്‍റെ വലിയ സ്വപ്​നം. അഞ്ചു വർഷത്തെ കരാറിലാണ്​ ഞാൻ ബ്ലാസ്​റ്റേഴ്​സുമായി ഒപ്പിട്ടിരിക്കുന്നത്​. ഇക്കാലയളവിൽ ക്ലബിനുവേണ്ടി ട്രോഫികൾ നേടണം.

ടീം തോൽക്കു​േമ്പാഴുള്ള നിരാശയെ എങ്ങനെ മറികടക്കുന്നു​?

പരാജയങ്ങളാണ്​ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്​. ഈസ്റ്റ്​ ബംഗാളിനെതിരായ ഐ.എസ്​.എൽ മത്സരത്തിൽ എന്‍റെ ക്ലിയറൻസ്​ പുറത്തുപോയാണ്​ അവസാന നിമിഷത്തിൽ ടീം കോർണർ വഴങ്ങിയത്​. ആ കോർണറിൽനിന്നാണ്​ അവർ വിജയഗോൾ നേടിയത്​. അതോടെ ആളുകൾ നിരുത്സാഹ​െപ്പടുത്തുന്ന സന്ദേശങ്ങളയക്കുന്നു, വിളിക്കുന്നു, നിരാശപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നു. പക്ഷേ, അവരറിയുന്നില്ല, അതെല്ലാം എന്നെ കരുത്തനാക്കുകയാണെന്ന്​. പരാജയങ്ങളും നിരാശയുമെല്ലാം ഞാൻ ഇഷ്​ടപ്പെടുന്നു. കാരണം അവ നമുക്ക്​ പുതിയ പാഠങ്ങൾ പകർന്നു നൽകുന്നു. അതെന്നെ കൂടുതൽ കരുത്തനാക്കുന്നു.

ഫുട്​ബാളല്ലാതെ മറ്റെന്തെല്ലാം കളികൾ കളിക്കും?

ബാസ്​കറ്റ്​ബാൾ, ബാഡ്​മിന്‍റൺ, ടേബിൾ ടെന്നിസ്​ എന്നിവയെല്ലാം കളിക്കാറുണ്ട്​. ​െബെക്ക്​ റേസ്​ ഇഷ്​ടമാണ്​. ചെറുപ്പത്തിലേ ബൈക്കുകൾ ഒരുപാട്​ ഇഷ്​ടമായിരുന്നു. ഒരു മോ​ട്ടോ​േക്രാസ്​ റണ്ണറാകുകയെന്ന ആഗ്രഹവും എന്‍റെ മനസ്സിലുണ്ടായിരുന്നു. ഫുട്​ബാളിൽ കഴിവ്​ തെളിയിച്ചു കഴിഞ്ഞപ്പോൾ ഇനി മോ​ട്ടോക്രോസ്​ എന്ന ആഗ്രഹവു​മായി നടക്കേണ്ടെന്ന്​ ഉപദേശിച്ചത്​ അച്​ഛനാണ്​. അതോടെയാണ്​ ഞാൻ ഫുട്​ബാളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത്​. പക്ഷേ, ഇപ്പോഴും എനിക്ക്​ മോ​ട്ടോക്രോസും ബൈക്കുകളുമൊക്കെ ഒരുപാടിഷ്​ടമാണ്​.



സഹലുമായുള്ള സൗഹൃദം എങ്ങനെയാണ്​?

ഏറെ ഈസിയാണത്​. ഞങ്ങൾ സഹോദരന്മാരാണ്​. നിങ്ങൾക്കൊരു സഹോദരനുണ്ടാകുന്നത്​ വലിയ അനുഗ്രഹമാണ്​. അവൻ നിങ്ങളുടെ സംരക്ഷകനായിരിക്കും എപ്പോഴും. ഞങ്ങൾ റൂംമേറ്റ്​സാണ്​. അത്രയും അടുപ്പമാണ്​ ഞങ്ങൾ തമ്മിൽ. ഒാരോ ദിവസവും ഞങ്ങൾ പുതിയ ലക്ഷ്യങ്ങൾ സെറ്റ്​ ചെയ്യും. അത്​ കുടുതൽ മികവിലേക്കുയരാൻ സഹായിക്കും.
കളിക്കാരനെന്ന നിലയിൽ അതിശയിപ്പിക്കുന്ന കഴിവുകളുള്ളയാളാണ്​ സഹൽ. അ​െതല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്​. രാജ്യത്തിന്​ ഏറെ പ്രതീക്ഷ പകരുന്ന കളിക്കാരനാണവൻ. മികച്ച കളിക്കാരനെന്നതിനൊപ്പം വ്യക്​തി എന്ന നിലയിലും ഏറെ മുകളിലാണ്​ സഹൽ. നല്ല സഹോദരൻ, നല്ല ടീം മേറ്റ്​, നല്ല മനുഷ്യൻ, നല്ല സുഹൃത്ത്​..എനിക്ക്​ ഇതെല്ലാമാണ്​ സഹൽ. കേരളത്തിൽ ഇപ്പോൾ സൂപ്പർ സ്റ്റാറാണ്​ സഹൽ. എല്ലാവർക്കും അവനെ ഇഷ്​ടമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.