ലണ്ടൻ: ഫലസ്തീൻ പൗരൻമാർക്കെതിരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഐക്യദാർഢ്യവുമായി ഫുട്ബാൾ താരങ്ങൾ. ലിവർപൂളിന്‍റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ്, മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ താരം റിയാദ് മെഹ്റസ്, ഇന്‍റർ മിലാന്‍റെ മൊറോക്കൻ താരം അഷ്റഫ് ഹാക്കിമി എന്നിവരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
''ഞാൻ നാലുവർഷമായി ജീവിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ള ലോക നേതാക്കളോട് ഞാൻ ആവശ്യപ്പെടുന്നു. നിഷ്കളങ്കരായ മനുഷ്യർക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകവും നിർത്താനായി നിങ്ങളുടെ എല്ലാ അധികാരവും ഉപയോഗിക്കൂ. ഇത് മതിയാക്കാം.'' -ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ടാഗ് ചെയ്ത് സലാഹ് പറഞ്ഞു. മസ്ജിദുൽ അഖ്സക്ക് മുന്നിൽ നിൽക്കുന്ന ചിത്രവും സലാഹ് മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചു.
മാഞ്ചസ്റ്റർ സിറ്റി താരം മെഹ്റസ് സേവ് ഷെയ്ഖ് ജറ്റാഹ് എന്ന പോസ്റ്റർ പങ്കുവെച്ച് ഫലസ്തീന് ഐക്യദാർഢ്യമർപ്പിച്ചു. ഫ്രീ ഫലസ്തീൻ എന്ന തലക്കെട്ടോടെ ഫലസ്തീൻ വനിതയുടെ വിഡിയോ പങ്കുവെച്ചാണ് ഹാക്കിമി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ, ഷാഹിദ് അഫ്രീദി, യു.എഫ്.സി താരം ഖബീബ് നുര്‍മഗദോവ് എന്നിവരും ഫലസ്തീന് പിന്തുണയർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.