വിട, പകരക്കാരനില്ലാത്ത ടോട്ടോ

റോം: എണ്ണംപറഞ്ഞ കരിയറോ മൂന്നക്കം കടന്ന ഗോളുകളോ കൂട്ടില്ലാതിരുന്നിട്ടും ഒറ്റ ലോകകപ്പിലെ അത്ഭുതങ്ങളുമായി ഇറ്റലിയുടെ ഹൃദയ രാജകുമാരനായി ജയിച്ചുനിന്ന ‘ടോട്ടോ’ വിടവാങ്ങി. ഇറ്റലി ആതിഥേയത്വം വഹിച്ച 1990ലെ ലോകകപ്പിൽ രണ്ടുവട്ടം പകരക്കാരനായിറങ്ങി ഗോളടിച്ച് ടീമിന്റെ ആദ്യ ഇലവനിലേക്ക് സ്ഥാനക്കയറ്റം നേടിയായിരുന്നു സാൽവദോർ ഷില്ലാച്ചി സമാനതകളേറെയില്ലാത്ത നേട്ടങ്ങളത്രയും എത്തിപ്പിടിച്ചത്. മുന്നിൽ ബാജിയോയെ കൂട്ടിയായിരുന്നു താരത്തിന്റെ ഗോൾയാത്രകൾ.

സ്വന്തം മണ്ണിലെ ആ ലോകകപ്പിൽ ആറുവട്ടം വല കുലുക്കി ഗോൾഡൻ ബൂട്ടുകാരനായെങ്കിലും ടീം സെമിയിൽ അർജന്റീനയോട് തോറ്റ് മടങ്ങി. പക്ഷേ, ഒറ്റ ലോകകപ്പിൽ നാടിന്റെ പ്രിയ ഹീറോയായി അവതരിച്ച ഷില്ലാച്ചിക്ക് പിറകെയായിരുന്നു ഏറെനാൾ ഇറ്റാലിയൻ കാൽപന്ത് ലോകം. ഒരിക്കലും വിദ്യാലയത്തിന്റെ പടി കയറാനാവാതെ, കൊടുംപട്ടിണി സമ്മാനിച്ച ഇല്ലായ്മകളുമായി മല്ലിട്ട ബാല്യത്തിനിടെയായിരുന്നു സിസിലിയൻ സ്ട്രൈക്കറുടെ സോക്കർ പ്രവേശം. പാലർമോ ചേരികളിൽ പന്തുതട്ടി തുടങ്ങിയ പയ്യൻ ഒമ്പതാം വയസ്സിൽ ഒരു ഗോളിന് 150 രൂപ എന്ന കൊതിയൂറുന്ന കരാറിൽ നാട്ടിലെ ഒരു ക്ലബിനു വേണ്ടി ഗോളടിച്ചുതുടങ്ങി. അതിവേഗം കാൽപന്തിന്റെ ആകാശങ്ങൾ വെട്ടിപ്പിടിച്ചവൻ 1989ൽ യുവന്റസിലെത്തുമ്പോൾ ടീം നൽകിയ തുക 33 കോടിയായിരുന്നു. തന്നെ ഉയർത്തിക്കാട്ടാൻ ഏറെ പേരില്ലാത്തതിനാൽ കൂടിയാകണം, 25ാം വയസ്സിലാണ് താരം സീരി എയിൽ അരങ്ങേറുന്നത്. ദേശീയ ടീമിൽ ആദ്യ കളി ലോകകപ്പിലും. പക്ഷേ, നാളുകൾക്കുള്ളിൽ തലവര മാറ്റിക്കുറിച്ചവൻ ടൂർണമെന്റ് കഴിയുമ്പോഴേക്ക് ഇറ്റലിയുടെ ‘പ്രഥമ പൗരനാ’യി.

ആസ്ട്രിയക്കെതിരെ ആദ്യ കളിയിലും യു.എസിനെതിരെ പിറകെയും പകരക്കാരന്റെ റോളിൽ ഗോൾ നേടിയ താരം ചെക് റിപ്പബ്ലിക്കിനെതിരെ അടുത്ത കളിയോടെ ആദ്യ ഇലവനിലായി. ഉറുഗ്വായ്, അയർലൻഡ് എന്നിവക്കെതിരെയും സെമിയിൽ അർജന്റീനക്കെതിരെയും നേടിയ ഗോളുകൾ കൂടിയായതോടെ മൊത്തം ആറു ഗോൾ നേടി സുവർണ ബൂട്ടുകാരനായി.

ആ ലോകകപ്പിനു ശേഷം ഏറെയൊന്നും ഇറ്റലിക്ക് വേണ്ടി താരം കളിച്ചില്ല. ഇതത്രയും സംഭവിച്ചുകഴിഞ്ഞപ്പോഴും ക്ലബിലും താരത്തിന്റെ ഗ്രാഫ് അതിവേഗം താഴോട്ടായിരുന്നു. പരിക്കും ഫോമില്ലായ്മയും വലച്ച കാലത്തിനൊടുവിൽ ജപ്പാൻ ലീഗിലുമെത്തി. 1999ൽ ജപ്പാനിലെ ജെ-ലീഗിൽ ബൂട്ടുകെട്ടുന്ന ആദ്യ ഇറ്റാലിയൻ താരവുമായി. മെസ്സീന, ഇന്റർ, ജൂബിലോ ഇവാറ്റ എന്നിവയിലും താരം കളിച്ചിട്ടുണ്ട്.

Tags:    
News Summary - Salvatore Schillaci: Italy's World Cup icon dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.