ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജേഡൻ സാഞ്ചോയുടെ ഗോളിൽ ലെസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. ലീഗിൽ മാഞ്ചസ്റ്ററുകാരുടെ തുടർച്ചയായ മൂന്നാം ജയമാണിത്. സീസണിലെ സാഞ്ചോയുടെ രണ്ടാം ഗോളും. ജയത്തോടെ യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. കഴിഞ്ഞ വാരാന്ത്യത്തിൽ സതാംപ്ടണെ തോൽപിച്ച ടീമിൽനിന്ന് മാറ്റമില്ലാതെയാണ് യുനൈറ്റഡ് ഇറങ്ങിയത്. 23ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും റാഷ്‌ഫോഡും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു സാഞ്ചോയുടെ ക്ലിനിക്കൽ ഫിനിഷ്.
ആദ്യ അഞ്ച് മത്സരങ്ങളിൽനിന്ന് ഒരു പോയന്റ് മാത്രമാണ് ലെസ്റ്ററിന്റെ സമ്പാദ്യം. 1994ന് ശേഷമുള്ള അവരുടെ ഏറ്റവും മോശം തുടക്കമാണിത്.
സാഞ്ചോയുടെ പൊസിഷനിലേക്ക് യുനൈറ്റഡ് 82 മില്യൺ പൗണ്ട് (94 മില്യൺ യു.എസ് ഡോളർ) ചെലവിട്ട് അജാക്സിന്റെ ബ്രസീൽ വിങ്ങർ ആന്റണിയെ എത്തിക്കുന്നതായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമാണ് താരത്തിന്റെ മുന്നറിയിപ്പ് ഗോൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തുടർച്ചയായ മൂന്നാം മത്സരത്തിലും പകരക്കാരനായി രണ്ടാം പകുതിയിലേ അവസരം ലഭിച്ചുള്ളൂ. വ്യാഴാഴ്ച ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പ് റൊണാൾഡോ യുനൈറ്റഡ് വിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ക്ലബിന് വൻ തുക നൽകി താരത്തെ ഏറ്റെടുക്കാൻ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ടീമുകളൊന്നും തയാറായില്ല. ആന്റണിയുടെ വരവ് റൊണാൾഡോക്ക് കൂടുതൽ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.