മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ തോറ്റതിനെക്കാൾ വലിയ നാണക്കേടായി ബയേൺ മ്യുണിക് ഡ്രസ്സിങ് റൂമിലുണ്ടായ അടിക്കു പിന്നാലെ കൂടുതൽ വെളിപ്പെടുത്തൽ. മത്സരത്തിനിടെ ലിറോയ് സാനെ സെനഗാൾ സൂപർ താരത്തിനു നേരെ വംശീയ അധിക്ഷേപം നടത്തിയതായാണ് വിമർശനം. ഇതിൽ അരിശം പൂണ്ടാണ് കളി കഴിഞ്ഞ് പുറത്തെത്തിയ ഉടൻ സാദിയോ മാനെ സഹതാരത്തിനു മേൽ കൈവെച്ചത്. മുഖത്തിടിയേറ്റ സാനെയുടെ ചുണ്ടുകൾ പൊട്ടിയിരുന്നു. വിഷയം പുറത്തെത്തിയതോടെ ബുണ്ടസ് ലിഗയിലെ ഒരു മത്സരത്തിൽനിന്ന് മാനെയെ പുറത്തുനിർത്തിയ ക്ലബ് പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ നടപടികൾ വേണ്ടെന്ന് സാനെ തന്നെ ആവശ്യപ്പെട്ടതായാണ് സൂചന. ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിനു ശേഷം സാദിയോ മാനെയും ലിറോയ് സാനെയും ക്ലബിൽ പതിവുപോലെ പരിശീലനത്തിനെത്തി.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ പോരാട്ടം നടന്ന ഇത്തിഹാദ് മൈതാനത്തായിരുന്നു സംഭവം. കളി ഏകപക്ഷീയമായ മൂന്നു ഗോളിന് ബയേൺ തോറ്റു. ഇതോടെ, ടീമിന് സെമി കാണാൻ സ്വന്തം മൈതാനമായ അലയൻസ് അറീനയിൽ വൻ മാർജിനിൽ ജയം പിടിക്കണം.
അതേ സമയം, സാദിയോ മാനെയെ പോലെ ലിറോയ് സാനെയും സെനഗാൾ വേരുകളുള്ളവരാണ്. മാനെ ഇപ്പോഴും സെനഗാൾ താരമാണെങ്കിൽ സാനെ ജർമനിയിൽ ജനിച്ച് ജർമൻ ടീമിനൊപ്പമാണ് പന്തു തട്ടുന്നത്. സാനെയുടെ പിതാവ് സുലൈമാൻ സാനെ സെനഗാൾ ജഴ്സി അണിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.