ഇട്ടാനഗർ: വടക്കുകിഴക്കൻ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന മലയാളിപ്പടക്ക് സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇന്ന് കരുത്തരായ എതിരാളികൾ. ഗ്രൂപ്പിലെ അവസാന കളിയിൽ റെയിൽവേസിനെ എതിരില്ലാത്ത നാലു ഗോളിന് മുക്കിയ അത്യാവേശവുമായി എത്തുന്ന മിസോറമുമായാണ് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ കർണാടകയുൾപ്പെടെ മടങ്ങിയിടത്ത് കേരളത്തിന് കിരീട സ്വപ്നങ്ങളിലേക്ക് ഇനിയുള്ള ഓരോ പോരാട്ടവും ഏറ്റവും കടുത്തതാണ്. ക്വാർട്ടറിൽ ഇടമുറപ്പിച്ച എട്ടു ടീമുകളിൽ മൂന്നെണ്ണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണെന്നതിനൊപ്പം അവരുടെ കാൽക്കരുത്തിനോട് മുട്ടിനിൽക്കാൻ മറ്റുള്ളവർക്ക് പ്രയാസമാകുന്നതും വെല്ലുവിളിയാണ്. ഗ്രൂപ് ബിയിൽ അഞ്ചു കളികളിൽ രണ്ടു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഏഴു പോയന്റുള്ള മിസോറം രണ്ടാമന്മാരായാണ് ക്വാർട്ടറിലെത്തിയത്. അടിച്ചുകയറ്റിയ ഗോളുകളിൽ അവർ ഒന്നാമന്മാരുമാണ്- 13 എണ്ണം. ഏറ്റവും കൂടുതൽ ഗോൾ നേടിയ മികവുള്ള ടീം ഒരു പതിറ്റാണ്ട് മുമ്പ് സ്വന്തമാക്കിയ കിരീടം തിരിച്ചുപിടിക്കാനുള്ള യാത്രയിലാണ്.
മറുവശത്ത്, ഒരു പോയന്റ് അധികം നേടിയിട്ടും ഗ്രൂപ് എയിൽ മൂന്നാമന്മാരാണ് കേരളം. അസമിനെ 3-1ന് തകർത്തുവിട്ട് തുടങ്ങിയ ടീം പക്ഷേ, ഗോവക്കു മുന്നിൽ എതിരില്ലാത്ത രണ്ട് ഗോളിന് വീണു. മേഘാലയയോട് ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞശേഷം അരുണാചൽ പ്രദേശിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് മടക്കി. ഗ്രൂപ്പിലെ അപ്രധാനമായ അവസാന പോരാട്ടത്തിൽ സർവിസസുമായി സമനില വഴങ്ങി. ഏഴുതവണ സന്തോഷ് ട്രോഫി കിരീടം ചൂടിയ പൈതൃകവുമായി മലയാളിപ്പട ഇന്ന് വീണ്ടും ബൂട്ടുകെട്ടുമ്പോൾ പ്രതീക്ഷകൾ തീർച്ചയായും വാനോളമാണ്. ഓരോ മത്സരത്തിലും മികച്ച കളിയുമായി ടീം എതിരാളികൾക്കുമേൽ ഒരു പണത്തൂക്കം മുന്നിൽനിൽക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളിൽ വഴങ്ങുന്ന ഗോളുകളാണ് വില്ലനാകുന്നത്. കഴിഞ്ഞതവണ സെമി കാണാനാകാതെ മടങ്ങേണ്ടിവന്ന നിരാശകൂടി ഇത്തവണ തീർക്കാൻ സതീവൻ ബാലന്റെ കുട്ടികൾക്കാകണം. ഇന്ന് ക്വാർട്ടറിൽ രണ്ട് മത്സരങ്ങളുണ്ട്. ഉച്ചക്ക് മണിപ്പൂർ- അസം പോരാട്ടവും വൈകീട്ട് കേരള- മിസോറം മത്സരവും.
ഇട്ടനഗർ: റെയിൽവേസിനെതിരെ എതിരില്ലാത്ത രണ്ടു ഗോൾ ജയവുമായി ആറു തവണ ചാമ്പ്യന്മാരായ സർവിസസ് സന്തോഷ് ട്രോഫി സെമിയിൽ. ആദ്യവസാനം ഇരച്ചുകയറിയ പട്ടാളക്കാർക്കു മുന്നിൽ പ്രതിരോധത്തിലേക്കു വലിയേണ്ടിവന്ന റെയിൽവേക്ക് കളിയുടെ ഒമ്പതാം മിനിറ്റിൽതന്നെ ലീഡ് വഴങ്ങേണ്ടിവന്നു. ബോക്സിൽ മിഡ്ഫീൽഡർ രാഹുൽ രാമകൃഷ്ണനെ റെയിൽവേ താരം വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സർവിസസ് പ്രതിരോധത്തിലെ ശഫീൽ വലയിലെത്തിക്കുകയായിരുന്നു. ആദ്യ കിക്ക് വലയിലെത്തിയെങ്കിലും ഒരു സർവിസസ് താരം കിക്കെടുക്കുംമുമ്പ് മുന്നോട്ടോടിയതിന് വീണ്ടും എടുക്കേണ്ടിവന്നു. നേരത്തേ വലതുവശത്ത് അടിച്ചുകയറ്റിയ ശഫീൽ ഇത്തവണ ഇടതുവശത്ത് വല തുളച്ചു. ഇടവേളക്കുടൻ വീണ്ടും ഗോൾ പിറന്നു. ഇത്തവണ സമീർ മുർമു വകയായിരുന്നു ഗോൾ. കഴിഞ്ഞ സീസണിലും സെമി കളിച്ച സർവിസസിനുതന്നെയായിരുന്നു പിന്നെയും കളിയിൽ മുൻതൂക്കം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.