മഞ്ചേരിയിലെ സന്തോഷ് ട്രോഫി ഫൈനൽ: ടിക്കറ്റെടുത്തിട്ടും കളി കാണാനാവാത്തവർക്ക് 10,000 രൂപ നഷ്ടപരിഹാരം

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരം കാണാൻ ടിക്കറ്റെടുത്തിട്ടും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 

മലപ്പുറം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് മുമ്പാകെ സമർപ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായത്. കളികാണാതെ മടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനും 10000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് കമീഷൻ ഉത്തരവിട്ടത്.

30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരതുക നൽകണമെന്നും ഇല്ലെങ്കിൽ ഒമ്പത് ശതമാനം പലിശ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ പി സാദിഖലി അരീക്കോട്, എൻ എച്ച് ഫവാസ് ഫര്‍ഹാന്‍ എന്നിവര്‍ ഹാജരായി.

മലപ്പുറം കാവനൂര്‍ സ്വദേശി കെ പി മുഹമ്മദ് ഇഖ്ബാല്‍, കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു, നസീം കരിപ്പകശ്ശേരി എന്നിവരാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരെ എതിർകക്ഷികളാക്കി കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയത്.

2022 മെയ് രണ്ടിനാണ് കേരളം -ബംഗാള്‍ ഫൈനല്‍ മത്സരം നടന്നത്. 25,000 ലധികം പേരാണ് ഫൈനല്‍ കാണാൻ പയ്യനാട്ടെത്തിയത്. സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയേക്കാൾ അധികം ടിക്കറ്റ് വിൽപന നടത്തിയതിനാൽ നിരവധി പേർക്ക് മത്സരം കാണാതെ മടങ്ങേണ്ടി വന്നു. രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരം കാണാൻ വൈകീട്ട് നാലിന് എത്തിയവർക്ക് പോലും സാധിച്ചില്ല. ടിക്കറ്റ് എടുത്തിട്ടും കളിക്കാണാനാവത്തതിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. ബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി കേരളം കിരീടം ചൂടുകയും ചെയ്തിരുന്നു.

Tags:    
News Summary - Santhosh Trophy Final at Manjeri; Rs 10,000 compensation for those who can't watch the game despite having bought tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.